വാഷിംഗ്ടണ്‍ ഡിസി: ഹമാസ്-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലേക്ക്. ബുധനാഴ്ച ബൈഡൻ ഇസ്രയേലിലെത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്.
ടെൽ അവീവിലെത്തുന്ന ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ ഗാസ പിടിച്ചെടുക്കുന്നതിലെ എതിർപ്പ് ബൈഡൻ വ്യക്തമാക്കിയിരുന്നു.ഇസ്രയേൽ വീണ്ടും ഗാസയിൽ അധിനിവേശം നടത്തുന്നത് വലിയ പിഴവായി മാറാമെന്നായിരുന്നു ജോ ബൈഡൻ വ്യക്തമാക്കിയത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ, അധിനിവേശത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.“അധിനിവേശത്തിൽ ഇസ്രയേലിനു പിഴയ്ക്കാം. ഗാസയിൽ സംഭവിച്ചതു നോക്കൂ. ഹമാസും അതിന്റെ ഭീകരതയും പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പക്ഷേ, തെക്കൻ ഇസ്രയേലിൽ ഹമാസിനെയും വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ളയെയും അമർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യണം. പക്ഷേ, പലസ്തീൻ അഥോറിറ്റിയും പലസ്തീൻ രാഷ്ട്രവും വേണം. ദ്വിരാഷ്ട്ര ഫോർമുല ഇസ്രയേൽ ഇപ്പോൾ അംഗീകരിക്കാനുള്ള സാധ്യതയില്ലെന്നും ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു.