ഗാസ : കരയുദ്ധം ആസന്നമെന്ന് വ്യക്തമാക്കി ഇസ്രയേൽ സൈന്യത്തിന്റെ കൂടുതൽ ടാങ്കുകൾ ഗാസ അതിർത്തി വളഞ്ഞു. കാലാൾ സേനയും കൂടുതൽ മുന്നോട്ടുകയറി നിലയുറപ്പിച്ചു. കരയുദ്ധം ഉടൻ ഉണ്ടാകുമെന്നും വ്യോമ, നാവികസേനകളും ഒരേസമയം ആക്രമണം നടത്തുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. പുതുതായി രൂപീകരിച്ച യുദ്ധമന്ത്രിസഭയുടെ ആദ്യയോഗം ടെൽ അവീവിലെ സൈനിക ആസ്ഥാനത്ത് ചേർന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യോഗത്തിൽ യുദ്ധ ഒരുക്കങ്ങൾ വിലയിരുത്തി. ഹമാസിനെ പൂർണമായും തകർക്കുമെന്ന് നെതന്യാഹു പറഞ്ഞു.
പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള സാധ്യതയും ഇസ്രയേൽ സൈന്യം തള്ളി. ഇസ്രയേലിൽനിന്ന് അറബ് രാജ്യങ്ങളിലേക്ക് ചർച്ചകൾക്കായി പോയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്ച ടെൽ അവീവിൽ മടങ്ങിയെത്തും. അമേരിക്കയുടെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും ഇസ്രയേലിലേക്ക് പുറപ്പെട്ടു. യുദ്ധത്തിൽ അമേരിക്കൻ സൈന്യം നേരിട്ട് പങ്കെടുക്കില്ലെന്നും മെഡിറ്ററേനിയനിൽ നിലയുറപ്പിച്ച് ഇസ്രയേലിനുനേർക്ക് ഉണ്ടായേക്കാവുന്ന ബാഹ്യ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും പെന്റഗൺ വ്യക്തമാക്കി. കൂടുതൽ യുദ്ധവിമാനങ്ങളും മേഖലയിലേക്ക് ഉടൻ എത്തും.
ഗാസ അതിർത്തിയിൽ ലക്ഷക്കണക്കിന് സൈനികർ യുദ്ധസജ്ജരായി നിലയുറപ്പിച്ചതോടെ, പലസ്തീൻകാർ കൂടുതലായി തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയാണ്. അതേസമയം, തെക്കൻ ഗാസയിലെ ഹമാസ് ചുമതലക്കാരനായ നേതാവ് ബിലാൽ അൽ കേദ്രയെ ഇസ്രയേൽ സൈന്യം വധിച്ചു.
തെക്കൻ മേഖലയിലേക്ക് ജനങ്ങളോട് പലായനം ചെയ്യാൻ പറഞ്ഞ ഇസ്രയേൽ സൈന്യം അവിടെയും നടത്തുന്ന ആക്രമണങ്ങൾ പലസ്തീൻ ജനതയെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. റാഫ അതിർത്തിക്കുസമീപമുള്ള കുവൈത്ത് ആശുപത്രി ജീവനക്കാരോടും ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 724 കുട്ടികളടക്കം 2329 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ 286 സൈനികരടക്കം 1300 പേരും കൊല്ലപ്പെട്ടു.