ന്യൂയോർക്ക് : ഇസ്രയേലില്‍ ബന്ദികളാക്കിയ കുട്ടികളെ ഹമാസ് തലയറുത്ത് കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ‘ഭീകരര്‍ കുട്ടികളെ തലയറുത്ത് കൊല്ലുന്ന ചിത്രങ്ങള്‍ കണ്ട് സ്ഥിരീകരിക്കേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല’- ബൈഡന് പറഞ്ഞു.
ശനിയാഴ്ച ഇസ്രയേലില്‍ നടന്ന ആക്രമണം ഹോളോകോസ്റ്റിന് ശേഷം സംഭവിച്ച ഏറ്റവും മാരകമായത് ആയിരുന്നു എന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ 22 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു.
യഹൂദ ജനത കാലങ്ങളായി അനുഭവിച്ച കൊടും ക്രൂരതകളുടെ ഓര്‍മ്മകള്‍ ഈ ആക്രമണം വീണ്ടും ഉണര്‍ത്തി. ഐഎസ്ഐഎസിനെപ്പോലെ പെരുമാറിയ ഹമാസ് ഭീകരര്‍ ആയിരത്തോളം ഇസ്രയേലികളെ കൊലപ്പെടുത്തി. ഇസ്രയേലിലെ സ്ഥിതിഗതികള്‍ അമേരിക്ക നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബൈഡന് യഥാര്‍ത്ഥത്തില്‍ ഇത്തരം ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും ഇസ്രയേലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് ബിബിസിയോട് പറഞ്ഞു.
ബൈഡന്റ് പരാമര്‍ശത്തിന് പിന്നാലെ, പ്രതികരണവുമായി ഹമാസ് രംഗത്തെത്തി. ഇസ്രേല്‍ ആക്രമണങ്ങളെ വെള്ളപൂശാനുള്ള നീക്കമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഹമാസ് പ്രതികരിച്ചു. 150ഓളം ഇസ്രയേലുകാരെ ഹമാസ് ബന്ദികളാക്കിയിരുന്നു. ഗാസയിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍, ഇവരെ ഓരോരുത്തരെയായി മുന്നറിയിപ്പില്ലാതെ കൊല്ലുമെന്ന് ഹമാസ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം വന്നത്.