ഗാസ: വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിൽ കരയുദ്ധത്തിന് ഏത് നിമിഷവും ഇരച്ചുകയറാൻ തയ്യാറായി ഇസ്രയേൽ സേന. കരയുദ്ധം എപ്പോൾ വേണമെങ്കിലും തുടങ്ങുമെന്ന് ഇസ്രയേൽ സൈനിക അധികൃതർ ഇന്നലെ പ്രഖ്യാപിച്ചു. അയൽ രാജ്യങ്ങളായ ലെബനണിലും സിറിയയിലും നിന്നു കൂടി ആക്രമണം തുടങ്ങിയതോടെ ഇസ്രയേൽ മൂന്നിടത്ത് പോർമുഖങ്ങൾ തുറന്നു. അതിനിടെ, ഇസ്രയേലിൽ പ്രതിപക്ഷത്തെ കൂടി ഉൾപ്പെടുത്തി സംയുക്ത മന്ത്രിസഭ രൂപീകരിച്ചു.
സിറിയയിലേക്കും ലബനനിലേക്കും ആക്രമണം നടത്തി ഇസ്രയേൽ. ലബനനിൽനിന്ന് സായുധസംഘമായ ഹെസ്ബുള്ള ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. തുടർന്നാണ് ലബനനിൽ ബോംബിട്ടത്. സിറിയയിൽനിന്നുണ്ടായ ഷെല്ലാക്രമണത്തിനും തിരിച്ചടി നൽകിയതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഗാസയിൽ ഹമാസ് നിയന്ത്രിക്കുന്ന ഇസ്ലാമിക് സർവകലാശാലയ്ക്കുനേരെയും ഇസ്രയേല് ആക്രമണം നടത്തി.
കരയുദ്ധമുണ്ടാകുമെന്ന് വ്യക്തമാക്കിയ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഗാസയ്ക്ക് പൂർവസ്ഥിതിയിലേക്ക് തിരിച്ചുപോക്ക് ഉണ്ടാകില്ലെന്ന ഭീഷണിയും മുഴക്കി. ഗാസ മുനമ്പിനുചുറ്റും നിലയുറപ്പിച്ചിരിക്കുന്ന ഇസ്രയേൽ സൈന്യം ഏതുനിമിഷവും കടന്നുകയറാമെന്ന് അമേരിക്കയുടെ മുൻ സ്ഥാനപതി വില്യം റോബക്ക് പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രയേലിൽ എത്തും. നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി തുടർനീക്കം ആസൂത്രണം ചെയ്യും. യുകെ വിദേശ സെക്രട്ടറി ജെയിംസ് ക്ലെവർലി ഇസ്രയേലിൽ എത്തി.
യുദ്ധാവസാനത്തോടെ ഹമാസിന് സൈനികശേഷി ഉണ്ടാവില്ലെന്ന സൈനിക വക്താവിന്റെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം ഗാസയിലേക്ക് കടന്നുകയറ്റം ഉണ്ടാകുമെന്നതിന്റെ സ്ഥിരീകരണമായി. ഇന്നലെ തെക്കൻ ഇസ്രയേൽ നഗരമായ അഷ്കെലോണിലേക്ക് ഹമാസ് തൊടുത്ത റോക്കറ്റുകൾ ശിശു സംരക്ഷണ കേന്ദ്രത്തിൽ പതിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതനാഹ്യു തന്നെ പുറത്തുവിട്ടു. തങ്ങളുടെ 169 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ ഇന്നലെ ഔദ്യോഗികമായി അറിയിച്ചു.
ഗാസ ദുരിത നഗരം
ഇസ്രയേൽ ആക്രമണത്തിൽ ഗാസ ദുരിത നഗരമായി. ഇവിടത്തെ ഏക വൈദ്യുതി നിലയത്തിലെ ഇന്ധനം തീരാറയതോടെ നഗരം ഇരുട്ടിലാകും. ഹമാസിന്റെ 450 കേന്ദ്രങ്ങളാണ് ഇതുവരെ ഇസ്രയേൽ ആക്രമിച്ചത്. ഇതിൽ ഇരുനൂറും ഹമാസിന്റെ ശക്തികേന്ദ്രമായ അൽ ഫുർഖാനിൽ. നൂറുകണക്കിന് ആളുകൾ മരിച്ചെന്ന് റിപ്പോർട്ട്. അഭയാർത്ഥി ക്യാമ്പുകളിൽ പട്ടിണിയാണ്. ഗാസ നഗര ഹൃദയവും സമ്പന്ന മേഖലയുമായ റിമാൽ പൂർണമായും ഇല്ലാതായി. അപ്പാർട്ട്മെന്റുകളും വാണിജ്യ കേന്ദ്രങ്ങളും പള്ളികളും സർവകലാശാലകളും ടെലികമ്മ്യൂണിക്കഷൻ കേന്ദ്രവും വിദേശ മാദ്ധ്യമ സ്ഥാപനങ്ങളും ബാക്കിയില്ല. ഇസ്രയേലിന്റെ സൈനിക വിമാനങ്ങൾ കണ്ടെത്താനുള്ള ഹമാസിന്റെ ആധുനിക സംവിധാനങ്ങൾ ഇന്നലെ ഇസ്രയേൽ പോർവിമാനങ്ങൾ തകർത്തു. ഗാസയിലെ യു. എൻ ആസ്ഥാനം തകർന്നു. ഇതുവരെ 9 യു. എൻ ജീവനക്കാർ കൊല്ലപ്പെട്ടു.
ഹമാസ് സ്ഥാപകൻ കൊല്ലപ്പെട്ടു
ഹമാസിന്റെ സ്ഥാപകരിൽ ഒരാളും മുതിർന്ന ഹമാസ് അംഗവുമായ അബ്ദ് അൽ – ഫത്താ ദുഖൻ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ‘ അബു ഒസാമ ‘ എന്നറിയപ്പെടുന്ന ഇയാൾ പാലസ്തീനിയൻ അഭയാർത്ഥി ക്യാമ്പായ നുസെയ്റത്തിൽ ഒളിവിൽ കഴിയുകയായിരുന്നെന്നാണ് വിവരം. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖാസം ബ്രിഗേഡിന്റെ സുപ്രീം കമാൻഡർ മുഹമ്മദ് ദീഫിന്റെ പിതാവിന്റെ വസതി തകർത്തു. പിതാവും സഹോദരനും രണ്ട് ബന്ധുക്കളും കൊല്ലപ്പെട്ടു. മുഹമ്മദ് ദീഫിന്റെ വിവരങ്ങൾ ലഭ്യമല്ല. ഹമാസിന്റെ നിയമവിദഗ്ദ്ധൻ സയീദ് അൽ ദാഷന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
യുദ്ധസർക്കാർ രൂപീകരിച്ചു
ഹമാസിനെതിരായ ആക്രമണത്തിൽ സംഘടിച്ച് നീങ്ങാൻ ഇസ്രയേലിലെ ഭരണപക്ഷവും പ്രതിപക്ഷവും. കഴിഞ്ഞ ദിവസം തുടങ്ങിയ ചർച്ചയിൽ യുദ്ധസർക്കാർ രൂപീകരിക്കാൻ തീരുമാനമായതായി പ്രതിപക്ഷനേതാക്കളിൽ പ്രധാനിയായ മുൻ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് അറിയിച്ചു. സൈന്യത്തിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫുമായ ഇദ്ദേഹത്തിനു പുറമെ, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, നിലവിലെ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എന്നിവരും രണ്ടു മുതിർന്ന ഉദ്യോഗസ്ഥരുമാണ് യുദ്ധ ക്യാബിനറ്റിൽ ഉണ്ടാവുക. പ്രതിപക്ഷ നേതാവ് യായ്ർ ലാപിഡിനും ക്ഷണമുണ്ട്. അദ്ദേഹം പ്രതികരിച്ചിട്ടില്ല. യുദ്ധത്തിൽ സ്വീകരിക്കേണ്ട തന്ത്രപരമായ നിലപാടുകൾ ഈ മന്ത്രിസഭയായിരിക്കും എടുക്കുക.