വാഷിങ്ടൺ : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പോര് തുടരുന്നതിനിടെ, ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും കനേഡിയന്‍ വിദേശകാര്യമന്ത്രി മെലനി ജോളിയും വാഷിങ്ടണില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, റിപ്പോര്‍ട്ടിനോട് ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രാലയങ്ങള്‍ പ്രതികരണം നടത്തിയിട്ടില്ല. അവതാളത്തിലായ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ കാനഡ ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ പത്തിന് മുന്‍പായ് നാല്‍പ്പത് നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്ന് ഇന്ത്യ കാനഡയ്ക്ക് അന്ത്യശാസനം നല്കിയ പശ്ചാത്തലത്തിലാണ് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലനി ജയ്ശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല്‍പ്പത് നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചില്ലെങ്കില്‍ ഇവര്‍ക്ക് പരിരക്ഷ ഉറപ്പുവരുത്തില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യയുമായി ആശയ വിനിമയം നടത്തിവരികയാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ കാര്യത്തില്‍ തങ്ങള്‍ ശ്രദ്ധാലുക്കളാണെന്നും സ്വകാര്യമായി ആശയ വിനിമയം നടത്തുമെന്നും മെലനി പറഞ്ഞിരുന്നു. നയതന്ത്ര ചര്‍ച്ചകള്‍ സ്വകാര്യമായി നടക്കുന്നതാണ് നല്ലതെന്ന് തങ്ങള്‍ കരുതുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് ആരംഭിച്ചത്.