ടെൽ അവീവ്: ഗാസ അതിർത്തിയിൽ സ മ്പൂ ർണ നിയന്ത്രണം പുനഃസ്ഥാപിച്ചെന്നും തങ്ങളുടെ പ്രദേശത്ത് 1,500 ഹമാസ് തീവ്രവാദികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ഇസ്രയേൽ. 24 മണിക്കൂറിനിടെ ഹമാസ് തീവ്രവാദികൾ രാജ്യത്തേക്കു കടന്നിട്ടില്ലെന്ന് ഇസ്രയേൽ വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു.
3,60,000 റിസർവ് സൈനികരെ ഇസ്രയേൽ സജ്ജരാക്കിയിട്ടുണ്ട്. ഇസ്രയേൽ അതിർത്തിയിൽ ഗാസ മുനമ്പിനോട് ചേർന്ന് 1,500 ഓളം ഹമാസ് തീവ്രവാദികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം ചൊവാഴ്ച അറിയിച്ചിരുന്നു. ശനിയാഴ്ച മുതൽ ഇസ്രയേൽ ഗാസയിൽ നടത്തുന്ന വ്യോമാക്രമണത്തിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്.
ഗാസയ്ക്കു നേർക്ക് കരയുദ്ധം ആരംഭിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. 2014ലാണ് ഇതിനു മുന്പ് ഇസ്രയേൽ കരയുദ്ധം നടത്തിയത്. ഗാസയ്ക്കു സമീപമുള്ള പട്ടണങ്ങളിൽനിന്നു തങ്ങളുടെ ആയിരക്കണക്കിന് പൗരന്മാരെ ഇസ്രയേൽ ഒഴിപ്പിച്ചിട്ടുണ്ട്. ഗാസ അതിർത്തിയിൽ ടാങ്കുകളും ഡ്രോണുകളും വിന്യസിച്ചു. 40 കിലോമീറ്റാണ് ഗാസ ഇസ്രയേലുമായി അതിർത്തി പങ്കിടുന്നത്.