ടെൽ അവീവ്: യുദ്ധം ആരംഭിച്ചത് ഇസ്രയേൽ അല്ലെങ്കിലും തീർക്കുന്നത് തങ്ങളായിരിക്കുമെന്ന് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ”ഇസ്രയേൽ യുദ്ധക്കളത്തിലാണ്. ഞങ്ങൾ ഇത് ആഗ്രഹിച്ചിരുന്നില്ല. ഇസ്രയേലിനെ കൊടുംക്രൂരമായ ഈ പാതയിലേക്ക് കൊണ്ടുവരികയായിരുന്നു. അധികം വൈകാതെ ഇത് അവസാനിപ്പിക്കും”- രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു.
”ഇസ്രയേലിനെ ആക്രമിച്ചത് ചരിത്രത്തിലെ തന്നെ വലിയ തെറ്റായിപ്പോയി എന്ന് ഹമാസ് മനസിലാക്കണം. ഇസ്രയേലിനെ ആക്രമിച്ചാൽ എന്ത് വില നൽകേണ്ടിവരുമെന്ന് വർഷങ്ങളോളം ഹമാസും അതുപോലുള്ള ഞങ്ങളുടെ മറ്റുശത്രുക്കളും മനസിലാക്കണം. ഹമാസ് ഐസിസ് തന്നെയാണ്. ഐസിസിനെ തകർക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ചതുപോലെ ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഇസ്രായേലിന് എല്ലാവരും പിന്തുണ നൽകണം. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഞാൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അദ്ദേഹത്തിനും, പിന്തുണ നൽകിയ മറ്റു ലോകനേതാക്കൾക്കും നന്ദി.
ഹാമാസുമായുള്ള യുദ്ധം ഇസ്രായേൽ ജനതയ്ക്ക് വേണ്ടി മാത്രമുള്ളതല്ല. ബാർബറിസത്തിനെതിരെ നിലകൊള്ളുന്ന എല്ലാ രാജ്യങ്ങൾക്കും കൂടിയുള്ളതാണ് ഈ യുദ്ധം. ഇത് ഞങ്ങൾ ജയിക്കും. ഇസ്രയേൽ ജയിച്ചു കഴിഞ്ഞാൽ ലോകജനത ജയിച്ചു എന്നതുതന്നെയാണ് അർത്ഥം”- നെതന്യാഹു പറഞ്ഞു.
അതേസമയം, ഹമാസിനെ തകർക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ, ഗാസ പിടിച്ചെടുക്കാനുള്ള കരസേനാനീക്കം തുടങ്ങി. ഒരു ലക്ഷം പട്ടാളക്കാർ അതിർത്തിയിൽ എത്തി. മുക്കാൽ ലക്ഷത്തോളം പട്ടാളക്കാർകൂടി അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.അയ്യായിരം നാവികരും ഒട്ടേറെ പോർ വിമാനങ്ങളും മിസൈലുകളും അടങ്ങുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ജറാൾഡ് ആർ ഫോർഡ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് നീങ്ങി. മറ്റ് അഞ്ചു യുദ്ധക്കപ്പലുകൾ എത്തിക്കഴിഞ്ഞു. ഹമാസിന്റെ ആക്രമണങ്ങളിൽ 10 അമേരിക്കക്കാർ കൊല്ലപ്പെട്ടത് അമേരിക്കൻ ഇടപെടലിന് ആക്കം കൂട്ടി. മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ അനുവദിക്കാനാകില്ലെന്ന് റഷ്യ പ്രതികരിച്ചു.
മൂന്നു ദിവസമായി തുടരുന്ന ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ ഗാസ മേഖലയിൽ 1300 പേർ കൊല്ലപ്പെട്ടു. ഇവരിൽ ബന്ദികളാക്കി വച്ചിരുന്ന നാലു ഇസ്രയേലികളുമുണ്ടെന്ന് ഹമാസ് അറിയിച്ചു. പലരാജ്യക്കാർ അടക്കം ഇസ്രയേലിൽ നിന്നു പിടിച്ചുകൊണ്ടുപോയ നൂറിലേറെപ്പേർ ഇപ്പോഴും ബന്ദികളാണ്.ഹമാസിന്റെ ആക്രമണങ്ങളിൽ ഇതുവരെ എണ്ണൂറുപേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പല ഭാഗങ്ങളിലും ഹമാസുമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ടെങ്കിലും അത് ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമായി ചുരുങ്ങി. ഇസ്രയേലിനു നേർക്ക് റോക്കറ്റ് ആക്രമണം തുടരുകയാണ്.
ഗാസയ്ക്ക് നേർക്കുള്ള മിസൈൽ ആക്രമണങ്ങൾ ഇസ്രയേലും തുടരുകയാണ്. ഇരുപക്ഷത്തുമായി 5,000ത്തിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ 2,200ലധികം പേർ ഇസ്രയേലിലാണ്. 2,700ലധികം പേർ ഗാസയിലും.ബന്ദികളെ മോചിപ്പിക്കാൻ ഖത്തർ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ഇസ്രയേൽ തടവിലുള്ള പാലസ്തീനികളെവിട്ടുകൊടുത്ത് ഹമാസിന്റെ തടവിലുള്ളവരെ മോചിപ്പിക്കാനാണ് നീക്കം.ഇസ്രയേൽ അതിർത്തിയിലെ ഫാം ഹൗസിൽ പാർട്ടി നടന്ന സ്ഥലത്ത് നിന്ന് 270 മൃതദേഹങ്ങൾ കണ്ടെടുത്തു.