ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ആഗോളവിപണിയിൽ എണ്ണവിലയും കുതിച്ചുയരുന്നു. ഇന്ന് വിലയിൽ നാല് ശതമാനം വർധനയാണ് ഉണ്ടായത്. ബാരലിന് 89 ഡോളറിലേക്കാണ് വർധന. കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ എണ്ണവിലയാണ് പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുതിച്ചുയരുന്നത്.
പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ ഓഹരി വിപണിയെയും ബാധിച്ചു. നിക്ഷേപകരുടെ ആസ്തിയിൽ നാല് ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 320 ലക്ഷം കോടിയിൽനിന്ന് 316 കോടിയായി.
സെൻസെക്സിൽ 469 പോയിന്റ് നഷ്ടത്തിൽ 65,525ലും നിഫ്റ്റി 141 പോയിന്റ് താഴ്ന്ന് 19,511ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളവിപണിയിൽ എണ്ണവില വർധിക്കുന്നതാണ് വിപണിക്ക് തിരിച്ചടിയായത്. ബി.പി.സി.എൽ, അദാനി പോർട്സ്, ടാറ്റ സ്റ്റീൽ, അദാനി എന്റർപ്രൈസസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്.