വാഷിങ്ടണ്‍ : ഹമാസുമായുള്ള യുദ്ധത്തിന്റെ സാഹചര്യത്തില്‍, ഇസ്രയേലിന് സൈനിക സഹായം നല്കാന് അമേരിക്ക. അധിക സാമ്പത്തിക സഹായവും നല്‍കുമെന്ന് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ് അറിയിച്ചു. എന്തെല്ലാം സഹായമാണ് നല്‍കുന്നതെന്ന് ഉടന്‍ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസിന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്താന്‍ പ്രസിഡന്റ് ബൈഡന് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
ഹമാസ് ആക്രമണത്തില്‍, ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ നിരവധി അമേരിക്കക്കാരും ഉണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് യുഎസ് നീക്കം. കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു.
അതേസമയം, ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. 2048 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിന്റെ തെക്കന്‍ മേഖലകളില്‍ ഇപ്പോഴും ഹമാസുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. നിരവധി ഗ്രാമങ്ങള്‍ ഹമാസ് നിയന്ത്രണത്തിലാക്കിയെന്നും ഇവിടെയുള്ള കമാന്‍ഡര്‍മാര്‍ക്ക് വീണ്ടും ആയുധം എത്തിച്ചുനല്‍കിയതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഹമാസ് പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് ഇവരെ തുരത്തിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.