ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം. ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം. കഴിയുന്നത്ര വീടുകളില്‍ കഴിയാനാണ് നിര്‍ദേശം.
18,000 ഓളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നതായാണ് കണക്കുകള്‍. ഇതില്‍ നല്ല ഒരളവോളം മലയാളികളുമുണ്ട്. ഇന്ത്യക്കാര്‍ താമസിക്കുന്ന ഇടങ്ങളിലും യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളത്. ഇസ്രായേലിലുള്ള മലയാളികള്‍ ബങ്കറിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. പരമാവധി ആളുകള്‍ വീടിന് പുറത്ത് ഇറങ്ങരുത്. നില്ക്കുന്ന ഇടങ്ങളലില്‍ തന്നെ തുടരണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്കി. അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.
വലിയ തോതിലുള്ള ആക്രമണമാണ് ഇസ്രായേലിനെതിരെ നേരിടേണ്ടി വന്നത്. ഇസ്രായേലിലുണ്ടായ ഏറ്റവും വലിയ ഇന്റലിജന്‍സ് വീഴ്ചയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയത് രണ്ടരമണിക്കൂറിലേറെ തുടര്‍ച്ചയായി നീണ്ടുനിന്ന ആക്രമണം. 5,000-ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാന്‍ഡറായ മുഹമ്മദ് അല്‍ ഡെയ്ഫ് പറഞ്ഞിരുന്നത്. ഇതിന് ശേഷം 2,000-ഓളം റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹമാസ് ടിവി റിപ്പോര്‍ട്ടുചെയ്തു. ആക്രമണങ്ങളില്‍ ആറ് പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
തെക്കന്‍ ഇസ്രയേലില്‍ നുഴഞ്ഞുകയറിയ ഹമാസ് പ്രവര്‍ത്തകര്‍ വഴിയാത്രക്കാര്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സെ്ഡൈറോത്തില്‍ വീടുകള്‍ ഹമാസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ആഷ്കലോണിലെ ബാര്‍സിലായി ആശുപത്രിയില്‍ 68 പേരും ബീര്‍ ഷെവയിലെ സൊറോക ആശുപത്രിയില്‍ 80 പേരും ചികിത്സയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.