വാഷിംഗ്ടൺ ഡിസി: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി. 210ന് എതിരെ വോട്ടുകൾക്ക് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചു. 208 ഡെമോക്രാറ്റിക് അംഗങ്ങൾക്കൊപ്പം എട്ടു റിപ്പബ്ലിക്കൻ അംഗങ്ങളും സ്പീക്കർക്ക് എതിരെ വോട്ട് ചെയ്തു.
യുഎസിന്റെ ചരിത്രത്തിലാദ്യമായാണ് സ്പീക്കറെ സ്ഥാനത്തു നിന്ന് പുറത്താക്കാൻ ജനപ്രതിനിധികൾ തീരുമാനിക്കുന്നത്. സർക്കാരിന്റെ അടിയന്തര ധനവിനിയോഗ ബിൽ പാസാക്കാൻ സ്പീക്കർ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.സാന്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ ഒന്നിനു മുന്പായി ബജറ്റ് പാസാക്കിയില്ലെങ്കിലും നവംബർ 17വരെയുള്ള ചെലവുകൾക്കു തുക അനുവദിക്കുന്ന ബില്ലാണ് പാസാക്കപ്പെട്ടത്. ബിൽ പാസായില്ലാരുന്നെങ്കിൽ അവശ്യസേവനങ്ങൾ ഒഴികെയുള്ള സർക്കാർ വിഭാഗങ്ങൾ നിശ്ചലമാകുമായിരുന്ന സാഹചര്യത്തിലായിരുന്നു ഇത്. മെക്കാർത്തിയെ പുറത്താക്കിയതിന് ശേഷം നോർത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പ്രതിനിധി പാട്രിക് മക്ഹെൻറിയാണ് താൽക്കാലികമായി സഭയെ നയിക്കുന്നത്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ മക്ഹെൻറി ചേംബറിൽ അധ്യക്ഷനായി തുടരും.