ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ. അനൗദ്യോഗിക ചര്‍ച്ചകളിലാണ് കാനഡ ഈ ആവശ്യം ഉന്നയിച്ചത്. ചില ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിജ്ജറിന്റെ കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നെന്നാണ് കാനഡയുടെ നിലപാട്. ഇത് സാധൂകരിക്കുന്ന ചില ഇലക്ട്രോണിക് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കാനഡ അവകാശപ്പെടുന്നു.
ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കണമെന്നാണ് കാനഡയുടെ ആവശ്യം. കേസില്‍ ഇന്ത്യയിലെത്തി തെളിവുകള്‍ ശേഖരിക്കാനും അനുമതി വേണമെന്നും കാനഡ ആവശ്യപ്പെട്ടെന്നാണ് വിവരം. എന്നാല്‍ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകളൊന്നും കൈമാറാത്ത സ്ഥിതിക്ക് അന്വേഷണം അംഗീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം ശക്തമാക്കുമെന്നും വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യ അന്വേഷണത്തോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ട്രൂഡോ പ്രതികരിച്ചത്.