ഒട്ടാവ : ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ഉറപ്പിച്ച് കാനഡ. ഇന്ത്യന്‍ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ തെളിവ് നല്‍കിയതായി കാനഡ അവകാശപ്പെട്ടു.
എന്നാല്‍ തെളിവ് ഇപ്പോള്‍ കൈമാറാനാകില്ല എന്നാണ് അവരുടെ നിലപാട്. വിശദമായ അന്വേഷണത്തിന് ശേഷമേ തെളിവി കൈമാറാനാകൂ എന്നാണ് കാനഡ വ്യക്തമാക്കുന്നത്. നേരത്തെ, നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആവര്‍ത്തിച്ചിരുന്നു.നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ ഇന്ത്യ കാനഡ ബന്ധം കൂടുതല്‍ മോശമാക്കുന്നതിനിടെയാണ്, കാനഡ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സൂചനകള്‍ വരുന്നത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനത്തില്‍ ഇന്ത്യയും ഉറച്ചു നില്‍ക്കുകയാണ്. കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ കനേഡിയന്‍ പൗരന്മാര്ക്കു വീസ നല്‍കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. ഇ-വീസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിക്കില്ല.