തിരുവനന്തപുരം : കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവമാണ് കേരളീയം 2023 പരിപാടിയിലൂടെ തലസ്ഥാന നഗരിയിൽ നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തലസ്ഥാന നഗരിയിൽ നവംബർ ഒന്നു മുതൽ ഏഴു വരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന “കേരളീയം 2023′ പരിപാടിയുടെ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനവും വെബ്സൈറ്റിന്റെയും ലോഗോയുടെയും പ്രകാശനവും കനകക്കുന്ന് പാലസ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വരാൻ പോകുന്ന കാലത്ത് കേരളത്തിന്റെ സ്വീകാര്യത ലോകരംഗത്ത് ഉയർത്താൻ പോകുന്ന മഹാസംരംഭം എന്ന നിലയിലാവും ജനമനസുകളിൽ ഈ പരിപാടി ഇടം പിടിക്കാൻ പോകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം എന്തല്ല എന്താണ് എന്ന് വിദേശികൾക്ക് അടക്കം മനസിലാക്കി കൊടുക്കാനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. നവകേരളത്തെ എല്ലാ അർഥത്തിലും ലോകസമക്ഷം അവതരിപ്പിക്കാൻ ശ്രമിക്കുന്ന പരിപാടി കേരളം എങ്ങനെ ഇന്നു കാണുന്ന നാടായെന്നും ഇനി എങ്ങനെ മാറും എന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള സ്ഥലങ്ങളിൽ കേരളീയവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കും. കേരളത്തിന്റെ ചരിത്രവും വർത്തമാനവും വ്യക്തമാക്കുന്ന പ്രത്യേക ലൈറ്റ് ആൻഡ് സൗണ്ട് ഷോ കേരളീയത്തിന്റെ ഭാഗമാകും.
ഇതിനായി സെക്രട്ടേറിയറ്റ് മന്ദിരം തന്നെ പ്രത്യേക സ്ക്രീനാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഒരു തീം കേരളീയത്തിന്റെ പ്രത്യേകതയാണ്. കാടുകളുടെയും ജലത്തിന്റെയും സംരക്ഷണം ആകും മുഖ്യ തീമെന്നും മുഖ്യമന്ത്രി പറഞ്ഞു.