ഒട്ടാവ: ഖലിസ്ഥാൻ അനുകൂലി ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നാലെയുള്ള ഇന്ത്യ – കാനഡ നയതന്ത്രപോരിനിടെ എരിതീയിൽ എണ്ണയൊഴിച്ച് സിഖ്സ് ഫോർ ജസ്റ്റീസ്(എസ്എഫ്ജെ) സംഘടന. നിജ്ജാറിന്റെ മരണം ആഘോഷിച്ച ഇന്ത്യൻ വംശജരായ ഹിന്ദുക്കൾ കാനഡ വിട്ടുപോകണമെന്ന് എസ്എഫ്ജെ ആവശ്യപ്പെട്ടു.ഇന്ത്യൻ ഹിന്ദുക്കൾ ഇന്ത്യയെ അനുകൂലിക്കുന്നത് ഖലിസ്ഥാൻ അനുകൂലികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വേണ്ടി മാത്രമാണെന്നും അത്തരക്കാർ കാനഡ വിടണമെന്നും എസ്എഫ്ജെയുടെ ഔദ്യോഗിക വക്താവ് ഗുർപത്വന്ത് പന്നൂൺ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യൻ ഹിന്ദുക്കൾ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും പന്നൂൺ കൂട്ടിച്ചേർത്തു.ഭീകരരുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് പന്നൂൺ. പന്നൂണിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കാനഡയിലെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യ ആണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞത് അന്തർദേശീയ തലത്തിൽ വലിയ വിവാദമായതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ.