സൗത്ത് കരോലിന: അമേരിക്കയില്‍ യുദ്ധവിമാനം കാണാതായതായി റിപ്പോര്‍ട്ട്. ശത്രു റഡാറുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ശേഷിയുള്ള എഫ്-35 വിമാനമാണ് പറക്കലിനിടെ കാണാതായത്. ഞായറാഴ്ചയായിരുന്നു സംഭവം.
വിമാനം പറത്തിയ പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. സൗത്ത് കരോലിനയുടെ തെക്കു-കിഴക്കന്‍ ഭാഗത്തു കൂടി പരിശീലനപ്പറക്കല്‍ നടത്തുമ്പോഴായിരുന്നു അപകടം. കോടികള്‍ വിലമതിക്കുന്ന വിമാനം കണ്ടെത്താനായി അധികൃതര്‍ പ്രദേശവാസികളുടെ സഹായവും തേടിയിട്ടുണ്ട്.
വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ബേസ് ഡിഫന്‍സ് ഓപ്പറേഷന് സെന്ററുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ചാള്‍സ്റ്റണ്‍ നഗരത്തിന് വടക്കുള്ള രണ്ട് തടാകങ്ങള്‍ക്ക് ചുറ്റുമായി ഫെഡറല്‍ ഏവിയേഷന്‍ റെഗുലേറ്റര്‍മാരുമായി ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണെന്ന് ബേസ് അധികൃതര്‍ അറിയിച്ചു. സൗത്ത് കരോലിന ലോ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഒരു ഹെലികോപ്റ്ററും തിരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കാണാതായ വിമാനത്തിനൊപ്പം പറന്ന രണ്ടാമത്തെ എഫ്-35 വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു. ലോക്ഹീഡ് മാര്ട്ടിന് കമ്പനി നിര്‍മിച്ച എഫ്-35 വിമാനം 80 ദശലക്ഷം ഡോളര്‍ വിലമതിക്കുന്നതാണ്.