ബെംഗളൂരു: സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. രാവിലെ 11.45നാണ് ഭൂമിയുടെ ഏറ്റവും അടുത്തഭ്രമണപഥത്തിൽ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് ഉയർത്തൽ പ്രക്രിയ. ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
വൃത്താകൃതിയിലുള്ള, ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിൽ നിന്ന് ദീർഘവൃത്താകൃതിയിലുള്ള അടുത്ത ഭ്രമണപദത്തിലേക്ക് ഉയർത്തുകയാണ് ഐ.എസ്.ആര്.ഒയുടെ ഇന്നത്തെ ലക്ഷ്യം. തുടർന്ന് മൂന്നു തവണ കൂടി ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്തും. 16 ദിവസം ഭൂമിയുടെ ഭ്രമണത്തിൽ സഞ്ചരിച്ച ശേഷമായിരിക്കും ആദിത്യയുടെ തുടർയാത്ര. 125 ദിവസം സഞ്ചരിച്ചു ഡിസംബറിൽ പേടകം ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച പോയന്റിൽ എത്തും. 15 ലക്ഷം കിലോമീറ്റർ അകലെയാണ് ലക്ഷ്യസ്ഥലം. സൂര്യനെ കൊറോണയെ പറ്റിയും താപനിലയെ പറ്റിയും സൗരക്കാറ്റിനെ പറ്റിയും അഞ്ചു വര്ഷം ആദിത്യ പഠിക്കും.ഏഴു പേലോഡുകളാടു ഗവേഷണത്തിനായി ആദിത്യയിൽ ഒരുക്കിയിട്ടുള്ളത്.
അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങൾ, സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണൽ മാസ് ഇജക്ഷൻ, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും. പേടകത്തിന് ഒരു തവണ സൂര്യനെ ചുറ്റാൻ 365 ദിവസം വേണ്ടിവരും. അഞ്ച് വർഷവും രണ്ടുമാസവുമാണ് ദൗത്യ കാലാവധി. ചൊവ്വ–-ചാന്ദ്ര ദൗത്യങ്ങൾക്കൊപ്പം നേരത്തെ പ്രഖ്യാപിച്ചിരുന്ന പര്യവേക്ഷണ പദ്ധതിയാണിത്.