മോസ്കോ: റഷ്യയ്ക്കെതിരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ. റഷ്യയിലെ സ്കോഫ് വിമാനത്താവളത്തിലാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നാല് വിമാനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഡ്രോൺ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തെത്തി. ആക്രമണത്തിൽ ആളപായമില്ലെന്ന് റഷ്യൻ അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിൽ നാല് ഇല്യൂഷിൻ 76 ട്രാൻസ്പോർട്ട് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സൈന്യം ആക്രമണം ചെറുക്കുകയാണെന്ന് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിൽ സ്ഫോടനം ഉണ്ടായതിന്റെ വിഡിയോ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
യുക്രൈനിൽ നിന്നും 600 കിലോമീറ്റർ അകലെയാണ് സ്കോഫ് വിമാനത്താവള സ്ഥിതി ചെയ്യുന്നത്. അതേസമയം ആക്രമണത്തിൽ ഇതുവരെ യുക്രൈൻ പ്രതികരിച്ചിട്ടില്ല. വരുന്ന ആഴ്ചകളിൽ റഷ്യയിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ യുക്രൈൻ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
കരിങ്കടലിൽ നാല് യുക്രെനിയൻ ബോട്ടുകൾ തകർത്ത് റഷ്യ തിരിച്ചടിച്ചു . ഈ ബോട്ടുകളിലായി 50ലധികം സൈനികരുണ്ടായിരുന്നതായും റഷ്യൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.