മാഡ്രിഡ് : വനിതാ ലോകകപ്പ് കിരീടം നേടിയ താരത്തിന് നിർബന്ധിത ചുംബനം നൽകിയ സംഭവത്തിൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസിനെതിരെ നടപടിയുമായി ഫിഫ.
റൂബിയാലസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയാണെന്നും ലൈംഗികാതിക്രമ പരാതിയിന്മേൽ അന്വേഷണം പൂർത്തിയാക്കും വരെ അദ്ദേഹം ഫുട്ബോൾ അസോസിയേഷൻ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്നും ഫിഫ വ്യക്തമാക്കി.
സസ്പെൻഷൻ നടപടിക്കെതിരെ സ്പാനിഷ് എഫ്എ രംഗത്തെത്തിയിട്ടുണ്ട്. ഫിഫ അച്ചടക്കനടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ് എഫ്എയുടെ തീരുമാനം. വെള്ളിയാഴ്ച ചേർന്ന എഫ്എ അടിയന്തര ജനറൽ ബോഡി യോഗത്തിൽ, ചുംബന വിവാദത്തിന്റെ പേരിൽ പ്രസിഡന്റ് പദവി രാജിവയ്ക്കില്ലെന്ന് റൂബിയാലസ് വ്യക്തമാക്കിയിരുന്നു.
നിസാരമായ, പരസ്പര സമ്മതത്തോടെയുള്ള ഒരു ചെറു ചുംബനത്തിന്റെ പേരിൽ വ്യാജ ഫെമിനിസ്റ്റുകൾ തന്നെ “കൊല്ലാക്കൊല’ ചെയ്യുകയാണെന്ന് റൂബിയാലസ് പറഞ്ഞിരുന്നു.
പരസ്പര സമ്മതത്തോടെയുള്ള ഒരു ചുംബനത്തിന്റെ പേരിൽ എന്നെ പുറത്താക്കാനാണ് ശ്രമമെന്നാണ് റൂബിലായസ് പറഞ്ഞത്. താൻ ബലമായി ചുംബിച്ചെന്ന് ആരോപിക്കപ്പെടുന്ന ജെന്നി ഹെർമോസോ എന്ന താരമാണ് എല്ലാത്തിനും തുടക്കമിട്ടത്.
സദസിൽ നിൽക്കുകയായിരുന്ന തന്നെ ആഹ്ലാദപ്രകടനത്തിനിടെ ഹെർമോസോ ചെറുതായി എടുത്തുയർത്തി. ഇതിനിടെ ഒരു ചെറു ചുംബനം നൽകാനുള്ള അനുവാദം താൻ ചോദിച്ചു. അവർ അതിന് അനുവാദം നൽകിയിരുന്നെന്നും റൂബിയാലസ് ആരോപിച്ചു.
ഓഗസ്റ്റ് 20-ന് നടന്ന ഫൈനലിനിടെ, ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കിരീടം നേടിയ ശേഷം ലാ റോജാസ് വിജയാഘോഷം നടത്തുന്നതിനിടെ, ഹെർമോസോയുടെ ചുണ്ടിൽ റൂബിയാലസ് ബലമായി ചുംബിച്ചതാണ് വിവാദത്തിന് കാരണം.
മറ്റ് താരങ്ങളുടെ കവിളിൽ ചെറുചുംബനം നൽകിയ റൂബിയാലസ് ഹെർമോസോയെ പിടിച്ചുനിർത്തി ചുണ്ടിൽ ചുംബിക്കുകയായിരുന്നു. റൂബിയാലസ് നടത്തിയത് ലൈംഗികാതിക്രമം ആണെന്നും വനിതാ താരങ്ങളെ കായികസംഘടനാ അധികൃതർ അടിമകളായി ആണ് കാണുന്നതെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു.