ന്യൂഡല്‍ഹി : ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി വനിതാ റോബോട്ടിനെ ബഹിരാകാശത്തേയ്ക്ക് അയക്കുമെന്ന് കേന്ദ്ര ശാസ്ത്ര,സാങ്കേതികവിദ്യ മന്ത്രി ജിതേന്ദ്ര സിങ്. വ്യോമിത്ര എന്ന് പേര് നല്‍കിയിരിക്കുന്ന വനിതാ റോബോട്ടിനെയാണ് ബഹിരാകാശത്തേയ്ക്ക് അയക്കുക.
ബഹിരാകാശത്തേയ്ക്കുള്ള പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യ ആഴ്ച അല്ലെങ്കില്‍ രണ്ടാമത്തെ ആഴ്ച ഉണ്ടാവുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി വനിതാ റോബോട്ടിനെ ബഹിരാകാശത്തേയ്ക്ക് അയക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഗഗന്യാന് പദ്ധതി വൈകിയത്. ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യമോ രണ്ടാമത്തെ ആഴ്ചയോ നടത്താനാണ് ആലോചന. ബഹിരാകാശ യാത്രികരെ അയക്കുന്നതിനേക്കാള്‍ ഏറെ പ്രാധാന്യം അവരെ തിരികെ കൊണ്ടുവരിക എന്നതാണെന്നും മന്ത്രി പറഞ്ഞു.
പരീക്ഷണ പറക്കലിന് പിന്നാലെ രണ്ടാമത്തെ ദൗത്യമായാണ് വനിതാ റോബോട്ടിനെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നത്. മനുഷ്യന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ കഴിയുന്ന റോബോട്ടാണ് വ്യോമിത്ര.എല്ലാം ശരിയായ രീതിയില്‍ നടന്നാല്‍ മുന്നോട്ടുപോകാനുള്ള കരുത്ത് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.