ജോർജിയ : 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്ത് ജോ ബൈഡന്റെ വിജയം അട്ടിമറിക്കാൻ ഇടപെടൽ നടത്തിയെന്നാരോപിച്ചുള്ള കേസിൽ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാൻഡയിലെ ഫുൾട്ടൻ കൗണ്ടി ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. അറസ്റ്റിനുശേഷം ട്രംപിനെ ജാമ്യത്തിൽ വിട്ടു.
ട്രംപ് കീഴടങ്ങുമ്പോൾ, റൈസ് സ്ട്രീറ്റ് ജയിലിന് ചുറ്റുമുള്ള പ്രദേശത്ത് “ഹാർഡ് ലോക്ക്ഡൗൺ’ ഏർപ്പെടുത്തിയിരുന്നു. 200,000 ഡോളർ ബോണ്ടിലാണ് ട്രംപിന് ജാമ്യം അനുവദിച്ചത്. ട്രംപിനെതിരെ 13 കുറ്റങ്ങളാണ് ജോർജിയയിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ ഈ കുറ്റങ്ങളെല്ലാം ട്രംപ് നിഷേധിച്ചിട്ടുണ്ട്. ട്രംപിന്റെ അറസ്റ്റ് സ്ഥിരീകരിക്കുന്ന ബുക്കിംഗ് ഷീറ്റ് ബിബിസി പുറത്തുവിട്ടിട്ടുണ്ട്. ട്രംപിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങളും ജാമ്യത്തിന്റെ വിശദാംശങ്ങളും അതിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച പുറത്ത് വന്ന 98 പേജുള്ള കുറ്റപത്രത്തിൽ ട്രംപിനും മറ്റ് 18 പ്രതികൾക്കുമെതിരെ മൊത്തം 41 ക്രിമിനൽ കേസുകൾ ചുമത്തിയിട്ടുണ്ട്.
2024-ലെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനേഷനിൽ ഏറ്റവുമധികം വിജയസാധ്യതയുള്ളത് ട്രംപിനാണ്. അടുത്ത വർഷം മാർച്ച് നാലിന് വിചാരണ ആരംഭിക്കണമെന്ന് കേസിലെ പ്രോസിക്യൂട്ടർമാർ നിർദ്ദേശിച്ചു. അതേസമയം, വിചാരണ നീട്ടുന്നതിനാണ് ട്രംപിന്റെ അഭിഭാഷകർ ലക്ഷ്യമിടുന്നത്.