ബംഗളൂരു : ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 ഇന്ന് ചന്ദ്രനോട് കൂടുതല്‍ അടുക്കും. പടകത്തിന്റെ മൂന്നാം ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാകും ചന്ദ്രന്റെ തൊട്ടരികിലേക്ക് എത്തിക്കുന്ന നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കുക.
ഈ മാസം ഒമ്പതിന് നടന്ന രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ചന്ദ്രനില്‍നിന്ന് കുറഞ്ഞ അകലം 174 കിലോ മീറ്ററും കൂടിയ അകലം 1,437 കിലോ മീറ്ററും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്. നാലാം ഭ്രമണപഥം താഴ്ത്തല്‍ 16ന് നടക്കും. ഇതോടെ ചന്ദ്രനില്‍നിന്ന് 100 കിലോ മീറ്റര്‍ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍-3 എത്തും. 17ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും വേര്‍പെടും. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗിന് സജ്ജമാകും.
ഓഗസ്റ്റ് 23ന് വൈകീട്ട് 5.40നാണ് സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. പേടകത്തിന്റെ പ്രവര്‍ത്തനം മികച്ച നിലയിലാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. എന്‍ജിനുകള്‍ തകരാറിലായാല്‍ പോലും സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാകുന്ന തരത്തിലാണ് ലാന്‍ഡറിനെ സജ്ജമാക്കിയിരിക്കുന്നതെന്ന് ചെയര്മാന് എസ് സോമനാഥ് പറഞ്ഞു. ജൂലൈ 14ന് ഉച്ചക്ക് 2.35ന് ആണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നും ചന്ദ്രയാന്‍-3 യുമായി വിക്ഷേപണ വാഹനമായ എല്‍വിഎം 3 റോക്കറ്റ് കുതിച്ചുയര്‍ന്നത്.