മെല്‍ബണ്‍ : അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സിനെ മറികടന്ന് 2023 ഫിഫ വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ആതിഥേയരായ ഓസ്ട്രേലിയ. ഷൂട്ടൗട്ടില്‍ 7-6 നാണ് ഓസ്ട്രേലിയയുടെ വിജയം. ഇതാദ്യമായാണ് ഓസ്ട്രേലിയ വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്.
നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഇരുടീമുകളും 3-3 ന് സമനില വഴങ്ങിയതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീണ്ടു.
10 കിക്കുകള്‍ക്കൊടുവിലാണ് ഓസ്ട്രേലിയ ഫ്രാന്‍സിനെ മറികടന്നത്. മൂന്ന് തവണയാണ് ഓസ്ട്രേലിയയ്ക്ക് വിജയിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ ഇതെല്ലാം ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഡ്യൂറന്‍ഡ് ശിഥിലമാക്കി. എന്നാല്‍ 10-ാം കിക്കെടുത്ത കോര്ട്നി വൈനിലൂടെ ഓസ്ട്രേലിയ സെമി ടിക്കറ്റെടുത്തു.
ഓസ്ട്രേലിയയ്ക്കായി വൈനിന് പുറമേ കൈറ്റ്ലിന് ഫൂര്‍ഡ്, സാം കെര്‍, മേരി ഫൗളര്‍, കത്രീന ഗോറി, തമേക യാല്ലപ്പ്, എല്ലി കാര്‍പ്പെന്റര്‍ എന്നിവരും ലക്ഷ്യം കണ്ടു. ഫ്രാന്‍സിനായി കദീദിയാറ്റു ഡിയാനി, വെന്‍ഡി റെനാര്‍ഡ്, യൂജീന്‍ ലെ സോമര്‍, ഗ്രേസ് ജെയോറോ, സകീന കര്ച്ചാവോയി, മെല്ലി ലാക്രര് എന്നിവര്‍ ലക്ഷ്യം കണ്ടു. 10-ാം കിക്കെടുത്ത വിക്കി ബെച്ചോയുടെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചതാണ് മത്സരത്തില്‍ നിര്‍ണായകമായത്. പിന്നാലെവന്ന വൈന്‍ ലക്ഷ്യം കണ്ടതോടെ ആതിഥേയര്‍ സെമി ഫൈനലിലേക്ക് മുന്നേറി. ഇംഗ്ലണ്ട്-കൊളംബിയ മത്സരവിജയിയെയാണ് ഓസ്ട്രേലിയയുടെ സെമിയിലെ എതിരാളി.