മുംബൈ : മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു കരീബിയൻ പ്രീമിയർ ലീഗിലേക്ക് കൂടുമാറുന്നു. ഐപിഎൽ 2023 കിരീടനേട്ടത്തോടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് കളമൊഴിഞ്ഞ റായുഡു സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പേട്രിയറ്റ്സുമായി കരാർ ഒപ്പുവച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പേട്രിയറ്റ്സിന്റെ മാർകീ പ്ലേയർ ആയി ആണ് റായുഡു ടീമിലെത്തിയതെന്നാണ് സൂചന. എന്നാൽ അടുത്ത സീസൺ സിപിഎല്ലിൽ റായുഡുവിന് പോരാടാനാകുമോ എന്ന് ഉറപ്പില്ല.
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് ഒരു നിശ്ചിത കാലാവധി കഴിഞ്ഞ ശേഷം മാത്രമേ മറ്റ് രാജ്യത്തെ ലീഗുകളിൽ കളിക്കാൻ സാധിക്കുവെന്ന ബിസിസിഐ നിബന്ധനയാണ് ഈ സംശയത്തിന് കാരണം. നേരത്തെ, അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിലെ സിഎസ്കെ സഹോദര ടീമായ ടെക്സസ് സൂപ്പർ കിംഗ്സിനായി റായുഡു കളത്തിലിറങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ബിസിസിഐ നിബന്ധന വിലങ്ങുതടിയായിരുന്നു. കരിബീയൻ ലീഗിൽ റായുഡു കളിച്ചാൽ, സിപിഎല്ലിൽ പോരിനിറങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റിക്കാർഡും അദ്ദേഹത്തിന് ലഭിക്കും. 2020-ൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് ടീമിലെത്തിയ പ്രവീൺ താംബെ ആണ് ലീഗിലെ ആദ്യ ഇന്ത്യൻ പോരാളി.