കൊളംബോ : ഇന്ത്യയ്ക്ക് ആശങ്കയുയർത്തി കൊളംബോ തുറമുഖത്ത് ചൈനീസ് നാവിക സേനാ കപ്പൽ. ഹായ് യാങ് 24 ഹാവോ എന്ന കപ്പലാണ് തീരത്ത് എത്തിയതെന്ന് ശ്രീലങ്കൻ നാവികസേന ഇറക്കിയ വാർത്താ കുറിപ്പിലുണ്ട്. കപ്പൽ തുറമുഖത്ത് അടുപ്പിക്കുന്നതിന് അനുമതി നൽകരുതെന്ന ഇന്ത്യയുടെ ആവശ്യം തള്ളിയാണ് ലങ്കൻ അധികൃതർ അനുവാദം നൽകിയത്. 129 മീറ്റർ നീളമുള്ള കപ്പലിൽ 138 ആളുകളുണ്ടെന്നും റിപ്പോർട്ടുകൾ വന്നു. ഇന്ധനം നിറയ്ക്കാനാണ് കപ്പൽ അടുപ്പിച്ചത് എന്നായിരുന്നു വിശദീകരണം. 2017ൽ നിർമിച്ച കപ്പലിൽ നിരീക്ഷണം നടത്തുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യുവാൻ വാൻ 5 എന്ന ചൈനീസ് കപ്പൽ ശ്രീലങ്കയിലെ ഹമ്പൻ തോത്ത തുറമുഖത്ത് ആറ് ദിവസം അടുപ്പിച്ചിരുന്നു. അന്നും ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചാണ് ചൈനീസ് കപ്പൽ തുറമുഖത്ത് അടുപ്പിക്കാൻ ശ്രീലങ്ക അനുമതി നൽകിയത്. ഹായ് യാങ് 24 ഹാവോ നാളെ മടങ്ങുമെന്നാണ് ശ്രീലങ്കൻ നാവിക സേന അറിയിച്ചിരിക്കുന്നത്.