ടെൽ അവീവ്: ഹൃദ്രോഗത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നെതന്യാഹുവിന്റെ ശരീരത്തിൽ പേസ്മേക്കർ വച്ചുപിടിപ്പിച്ചെന്ന് മെഡിക്കൽ സംഘം അറിയിച്ചു. നെതന്യാഹുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഞായറാഴ്ച രാത്രി തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
സർക്കാർ തീരുമാനങ്ങൾ റദ്ദാക്കാനുള്ള കോടതിയുടെ അധികാരം എടുത്തുകളയുന്ന വിവാദ ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെയാണ് നെതന്യാഹു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് നിർജലീകരണത്തെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം അദ്ദേഹം ചികിത്സ തേടിയിരുന്നു. ഇതിനിടെ, ജൂഡീഷറിയുടെ അധികാരം കവർന്നെടുക്കുന്ന ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷ കക്ഷികൾ. തിങ്കളാഴ്ച തലസ്ഥാനനഗരിയിൽ വമ്പൻ പ്രതിഷേധജാഥ നടത്തുമെന്നാണ് നെതന്യാഹു വിരുദ്ധർ അറിയിച്ചിരിക്കുന്നത്.