വാഷിംഗ്ടൺ ഡിസി: കനത്ത ഇടിമിന്നലിനെ തുടർന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ 2,600ലധികം വിമാനങ്ങൾ റദ്ദാക്കുകയും 8,000ത്തോളം വിമാനങ്ങൾ വൈകുകയും ചെയ്തു. കൂടുതൽ സംഭവങ്ങളും റിപ്പോർട്ട് ചെയ്തത് വടക്കുകിഴക്കൻ മേഖലയിൽ നിന്നെന്നാണ് റിപ്പോർട്ട്.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) റിപ്പോർട്ട് പ്രകാരം, ന്യൂജേഴ്സിയിലെ നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മാത്രം 1320 വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്ന് ജോൺ എഫ് കെന്നഡി, ലാ ഗാർഡിയൻ വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു.വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സമയവും കാലാവസ്ഥയും പരിശോധിക്കാൻ യാത്രക്കാരോട് അഭ്യർഥിച്ചു വിമാനക്കമ്പനികൾ ട്വീറ്റ് ചെയ്തിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ നിന്നും 318 വിമാനസർവീസുകൾ റദ്ദാക്കുകയും 426 വിമാനങ്ങൾ വൈകുകയും ചെയ്തു.
ലാ ഗാർഡിയ വിമാനത്താവളത്തിൽ നിന്നും 270 വിമാനങ്ങൾ റദ്ദാക്കുകയും 292 വിമാനങ്ങൾ വൈകുകയും ചെയ്തു. ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 59 വിമാനങ്ങൾ റദ്ദാക്കുകയും 459 വിമാനങ്ങൾ വൈകുകയും ചെയ്തു. അമേരിക്കയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവുമുണ്ടായി. ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട്, പെൻസിൽവാനിയ, മസാച്യുസെറ്റ്സ്, വെർമോണ്ട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണിനേരിടുന്നുണ്ട്. അതേസമയം, അമേരിക്കയുടെ പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതേതുടർന്ന് അധികൃതർ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.