പാരീസ് : ഫ്രാന്‍സില്‍ 17കാരനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് അഞ്ചാം ദിവസവും ശമനമില്ല. അക്രമാസക്തരായ ജനക്കൂട്ടം സൗത്ത് പാരിസിലെ ലേ-ലെസ് റോസസ് ടൗണ്‍ മേയറുടെ വീട്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റി. തന്റെ ഭാര്യയ്ക്കും കുട്ടിക്കും പരിക്കേറ്റതായി മേയര്‍ വിന്‍സന്റ് ജീന്‍ബണ്‍ ട്വിറ്ററിലൂടെ പറഞ്ഞു. അതേസമയം, അക്രമ സംഭവങ്ങളില്‍ ശനിയാഴ്ച രാത്രി 719 പേരെക്കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവാല്‍ മാക്രോണ്‍ തന്റെ ജര്‍മന്‍ സന്ദര്‍ശനം റദ്ദാക്കി. ഞായറാഴച് ആരംഭിക്കാനിരുന്ന സന്ദര്‍ശനമാണ് റദ്ദാക്കിയത്. ജര്‍മന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച മാക്രോണ്‍, നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് നിന്ന് മാറിനില്ക്കാന് സാധിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. 1,350 വാഹനങ്ങളും 234 കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാലു ദിവസമായി ഫ്രാന്‍സില്‍ പ്രതിഷേധം അയവില്ലാതെ തുടരുകയാണ്. പ്രതിഷേധത്തിന്റെ മറവില്‍ വ്യാപകമായ മോഷണങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.