കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രിത മേഖലയിലുള്ള സാപൊറീഷ്യ ആണവനിലയം ഏതു നിമിഷവും തകർക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി.കീവ് സന്ദർശനത്തിനായി എത്തിയ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് സെലൻസ്കി ഇക്കാര്യം പറഞ്ഞത്.
ആണവനിലയം തകർക്കാൻ റഷ്യ സാങ്കേതികമായി തയാറാണെന്നും അണുപ്രസരണ ഭീഷണി ശക്തമായി നിലനിൽക്കുന്നതായും സെലൻസ്കി കൂട്ടിച്ചേർത്തു. എന്നാൽ ഇതേപ്പറ്റി അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല. എനെർഹോദാർ പട്ടണത്തിലുള്ള സാപൊറീഷ്യ ആണവനിലയം 2022 മാർച്ച് മുതൽ റഷ്യൻ നിയന്ത്രണത്തിലാണ്. ഈ മേഖലയിൽ റഷ്യ കുഴിബോംബുകൾ സ്ഥാപിച്ച് നിലയത്തെ അപകടഭീഷണയിലാഴ്ത്തിയതായി യുക്രെയ്ൻ നേരത്തെതന്നെ ആരോപണം ഉയർത്തിയിരുന്നു.