സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്റെ അപ്ഡേറ്റ് കാരണം 85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമായെന്ന് മൈക്രോസോഫ്റ്റ്. ലോകത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താൽ ഒരു ശതമാനത്തിലും താഴെ കന്പ്യൂട്ടറുകൾ മാത്രമേ പ്രശ്നം നേരിട്ടുള്ളു എന്നാണ് കമ്പനി വിശദീകരണം.
വിൻഡോസിന്റെയോ മൈക്രോസോഫ്റ്റിന്റെയോ ഭാഗത്തെ തെറ്റ് കൊണ്ടല്ല പ്രശ്നമുണ്ടായതെന്നും ക്രൗഡ്സ്ട്രൈക്കിന്റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായതെന്ന് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ഡേവിഡ് വെസ്റ്റൺ വീണ്ടും വ്യക്തമാക്കി.അതേസമയം, പ്രതിസന്ധി മുതലെടുത്ത് സൈബർ ക്രിമിനലുകൾ വ്യാജ സഹായ വെബ്സൈറ്റുകളും സോഫ്റ്റ്വെയറുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത വേണമെന്ന് സൈബർ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
ബാങ്കുകൾ മുതൽ മീഡിയ കമ്പനികൾ വരെയുള്ള നിരവധി വ്യവസായങ്ങളെ ബാധിച്ച ഐടി തകർച്ചയിൽ വിമാനത്താവളങ്ങളും വിമാനക്കമ്പനികളും കുടുങ്ങിയതിനാൽ ലോകമെമ്പാടുമുള്ള വിമാന യാത്രക്കാർക്ക് ചെക്ക് ഇൻ കാലതാമസം, ഫ്ലൈറ്റ് റദ്ദാക്കൽ, തലവേദന എന്നിവ നേരിട്ടു. മൈക്രോസോഫ്റ്റ് വിൻഡോസിനായി സൈബർ സുരക്ഷാ സൊല്യൂഷനുകൾ നൽകുന്ന സൈബർ സുരക്ഷാ പ്ലാറ്റ്ഫോമാണ് ക്രൗഡ്സ്ട്രൈക്ക്.
മൈക്രോസോഫ്റ്റിന് സംഭവിച്ച തകരാർ ലോകത്ത് സംഭവിച്ചതിൽ വച്ച് ഏറ്റവും വലിയ ഐടി സ്തംഭനമാണെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് ക്രൗഡ്സ്ട്രൈക്കുമായി ബന്ധപ്പെട്ട ഫാൽക്കൺ സെൻസറുകളുള്ള വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായത്. ഇതിൽ സംഭവിച്ച പുതിയ അപ്ഡേറ്റ് കാരണമാണ് വിൻഡോസ് പ്രവർത്തനം നിലച്ചത്. ഇതോടെ ലോകവ്യാപകമായി വിമാനത്താവളങ്ങളുടെയും ബാങ്കുകളുടെയും പ്രവർത്തനങ്ങളെ തകരാർ ബാധിക്കുകയായിരുന്നു. ഓഹരി വിപണികൾ, അവശ്യ സേവനങ്ങൾ തുടങ്ങി മൈക്രോസോഫ്റ്റ് പ്രതിസന്ധി ബാധിച്ച മേഖലകൾ നിരവധിയാണ്. ലോകമാകെ ആയിരക്കണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.