തിരുവനന്തപുരം : ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടർന്ന് 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിരുന്നതായി സൈബർ പോലീസ്. ഇതു സംബന്ധിച്ചു സേവന ദാതാക്കൾക്കു സന്ദേശം നൽകി.
പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടി സ്വീകരിച്ചു. ദേശീയതലത്തിൽ രൂപീകരിച്ച പോർട്ടൽ വഴിയാണ് ആപ്പ് സ്റ്റോർ, പ്ലേ സ്റ്റോർ, വെബ് സൈറ്റുകൾ എന്നിവയ്ക്കെതിരെ നടപടി എടുക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദന്പതികൾ കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തിനുശേഷം പോലീസ് സംസ്ഥാനതലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ചു നടപടിക്കായി പോർട്ടലിലേക്ക് കൈമാറുന്നുണ്ട്.
നിരവധി പേർ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാകുന്നെങ്കിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വർധിച്ചത്. ലോണ്‍ ആപ്പ് തട്ടിപ്പ് അറിയിക്കാൻ 9497980900 എന്ന മൊബൈൽ നന്പർ പോലീസ് നൽകിയ ശേഷം 300 ലേറെപ്പേർ ഇതുവഴി പരാതി അറിയിച്ചു.
ലോണ്‍ ആപ്പ് കേസുകളിൽ ഇതുവരെ രണ്ട് എഫ്ഐആർ സൈബർ പോലീസ് രജിസ്റ്റർ ചെയ്തു. എറണാകുളത്തും വയനാട്ടിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അഞ്ചെണ്ണത്തിൽ തുടർ നടപടികൾക്കായി കൈമാറി. മറ്റുള്ള പരാതികൾ പരിശോധിച്ചു വരുന്നതായും അധികൃതർ അറിയിച്ചു.