ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. പാകിസ്ഥാനില്‍ പെഷാവര്‍, ഇസ്ലാമാബാദ്, ലഹോര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 12.58 നുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നിരവധി പേര് സാമൂഹ്യമധ്യമങ്ങളില്‍ പ്രതികരിച്ചു.
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് നേരിയ ഭൂചലനം ഉണ്ടാകുന്നത്. ഭൂചലനത്തിനിടെ സീലിംഗ് ഫാനുകളും കസേരകളും മറ്റ് വസ്തുക്കളും കുലുങ്ങുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ കാണാം.
തുടര്‍ ചലനങ്ങള്‍ അഫ്ഗാനിസ്ഥാനിലും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഓഗസ്റ്റ് 29 ന് അഫ്ഗാനിസ്ഥാനില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപരിതലത്തില്‍ നിന്ന് 255 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഉറവിട കേന്ദ്രം.