അബുദാബി : വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താലും 5 വിഭാഗക്കാര്‍ക്ക് യുഎഇയില്‍ 6 മാസം വരെ തുടരാം. പുതുക്കിയ വിസ നിര്‍ദേശം അനുസരിച്ചാണിത്. ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ, വിധവകള്‍/വിവാഹമോചിതര്‍, യൂണിവേഴ്സിറ്റിയുടെയോ കോളജിന്റെയോ വിസയുള്ള പഠനം പൂര്‍ത്തിയാക്കിയവര്‍, മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ പ്രഫഷനലുകള്‍ എന്നിവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഗോള്‍ഡന്‍, ഗ്രീന്‍ വിസക്കാരുടെ ആശ്രിത വിസയുള്ള കുടുംബാംഗങ്ങള്‍ക്കും ഇളവ് ലഭിക്കും.
ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ തരംതിരിച്ച ഒന്നും രണ്ടും തലങ്ങളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷനുകളായ താമസക്കാര്‍. ഇത് ബാധകമാണ്.
വിസ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് യുഎഇയില്‍ താമസിക്കാന്‍ രണ്ട് വിഭാഗങ്ങള്‍ക്ക് അനുവാദമുണ്ട്. മൂന്നാം തലത്തിലെ വൈദഗ്ധ്യമുള്ള പ്രൊഫഷനുകളുള്ള താമസക്കാര്‍, പ്രോപ്പര്‍ട്ടി ഉടമകള്‍ എന്നിവര്‍ക്കാണ് ഇത് ബാധകമാകുക.
ഗ്യാരന്ററോ ഹോസ്റ്റോ ഉള്ള വിസ ഹോള്‍ഡര്‍മാരുടെ യുഎഇയില്‍ താമസിക്കുന്നതിന്റെ കാലാവധി 30 ദിവസത്തിനുപകരം 60 ദിവസമാക്കിയും പരിഷ്കരിച്ചിട്ടുണ്ട്. താമസക്കാര്‍, വീട്ടുജോലിക്കാര്‍, കുടുംബാംഗങ്ങള്‍, ഗ്യാരന്ററോ ഹോസ്റ്റോ ഉള്ള മറ്റ് വിസ ഉടമകള്‍ എന്നിവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
ദുരന്തങ്ങളും യുദ്ധങ്ങളും അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍, വിദേശ വിരമിച്ച വിഭാഗം, വെര്‍ച്വല്‍ തൊഴില്‍ദാതാക്കളുടെ വിഭാഗം, നിക്ഷേപകനോ പങ്കാളിയെയോ എന്നിവര്‍ക്കും വിസ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്തതിന് ശേഷം 30 ദിവസത്തേക്ക് രാജ്യത്ത് തുടരാന്‍ അനുവാദമുണ്ട്.