കോട്ടയം: ജീവന് ഭീഷണിയാകുമെന്നറിഞ്ഞ് ആരും ഏറ്റെടുക്കാതിരുന്ന ശസ്ത്രക്രിയ വിജയകരമായി നീക്കം പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ്. 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. കേരളത്തിലെ ആരോഗ്യ രംഗത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണിത്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
വെല്ലൂര്‍, മണിപ്പാല്‍ തുടങ്ങിയ ആശുപത്രികളില്‍ ജീവന് ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ഏറ്റെടുക്കാതിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ജയകുമാറാണ് കുടുംബത്തിന്റെ ബുദ്ധിമുട്ട് കണ്ട് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം 25ന് ശസ്ത്രക്രിയ 12 മണിക്കൂറോളമെടുത്ത് പൂര്‍ത്തിയാക്കി. 20 ലിറ്റര്‍ ഫ്ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള ആകെ 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. തീവ്രപരിചരണത്തിന് ശേഷം രോഗിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ കൈയ്ക്ക് ചെറിയ സ്വാധീനക്കുറവുണ്ടെങ്കിലും ഫിസിയോതെറാപ്പിയിലൂടെ അത് മാറ്റിയെടുക്കാനാകുമെന്ന് സൂപ്രണ്ട് അറിയിച്ചു.