എഡ്മിന്റൻ : കാനഡയിലെ എഡ്മിന്റനിൽ ഹർഷൻദീപ് എന്ന ഇന്ത്യൻ വിദ്യാർഥി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എഡ്മിന്റൻ പോലീസ്. എഡ്മിന്റനിൽ അപ്പാർട്ട്മെൻ്റിൽ സെക്യൂരിറ്റി ജീവനക്കാരൻ കൂടിയായിരുന്നു ഹർഷൻദീപ്.
സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസമാണ് ഹർഷൻദീപ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്റ്റുഡൻ്റ് വീസയിൽ ഒന്നര വർഷം മുമ്പ് കാനഡയിലെത്തിയ ഹരിയാന സ്വദേശിയായ ഹർഷൻദീപ് നോർക്വസ്റ്റ് കൊളജ് വിദ്യാർഥിയാണ്.
കഴിഞ്ഞ വെളളിയാഴ്ചയാണ് 20 വയസ്സുള്ള ഹർഷൻദീപ് വെടിയേറ്റ് മരിച്ചത്. കേസിൽ ശനിയാഴ്ച, ഇവാൻ റെയ്ൻ (30) ജൂഡിത്ത് സോൾട്ടോ (30) എന്നിവരെ അറസ്റ്റ് ചെയ്തതായി എഡ്മിന്റൻ പോലീസ് സർവീസ് (ഇപിഎസ്) അറിയിച്ചു. അറസ്റ്റിനിടെ ഇരുവരിൽ നിന്നും തോക്ക് കണ്ടെടുത്തതായും അധികൃതർ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.