വാഷിങ്ടണ്‍ : മകന് ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് നല്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. നികുതിവെട്ടിപ്പ്, അനധികൃതമായി തോക്ക് കൈവശപ്പെുത്തല്‍ തുടങ്ങിയ കേസുകളിലായിരുന്നു ഹണ്ടര്‍ ബൈഡന് ഉള്‍പ്പെട്ടിരുന്നത്. പ്രസിഡന്റ് കാലാവധി അവസാനിനിരിക്കെയാണ് ജോ ബൈഡന് മുന്‍ നിലപാട് മാറ്റിയിരിക്കുന്നത്.
നേരത്തെ മകന് മാപ്പ് നല്‍കില്ലെന്ന പരസ്യ നിലപാടായിരുന്നു ജോ ബൈഡന് എടുത്തിരുന്നത്. എന്നാല്‍ തന്റെ മകനായതുകൊണ്ട് മാത്രം ഹണ്ടര്‍ ബൈഡന് വേട്ടയാടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നല്‍കിയിരിക്കുന്നത്. അധികാരത്തില്‍ കയറിയത് മുതല്‍ നീതിന്യായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് കരുതിയിരുന്നു. എന്നാല്‍ ഹണ്ടര്‍ ബൈഡനെ നിയമവിരുദ്ധമായി വേട്ടയാടിയതിനാല്‍ തീരുമാനം മാറ്റേണ്ടി വരികയാണെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനില്‍ പറഞ്ഞു.
2014 ജനുവരി 1 മുതല്‍ ഡിസംബര്‍ 1 വരെയുള്ള കാലയളവില്‍ ഹണ്ടര്‍ ബൈഡന് ഉള്‍പ്പെട്ട എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നുമാണ് പ്രസിഡന്റ് മാപ്പ് നല്‍കിയിരിക്കുന്നത്. 2018ല്‍ അനധികൃതമായി റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തോക്ക് വ്യാപാരിയോട് കള്ളം പറയുക, അപേക്ഷയില്‍ തെറ്റായ അവകാശവാദം ഉന്നയിക്കുക, 11 ദിവസത്തേക്ക് നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കുക എന്നീ കുറ്റങ്ങളായിരുന്നു ഹണ്ടര്‍ ബൈഡന് നേരെ ഉണ്ടായിരുന്നത്.
അനധികൃതമായി തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും ഹണ്ടര്‍ ബൈഡന് കുറ്റക്കാരനാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഈ വര്‍ഷം ജൂണിലായിരുന്നു ഹണ്ടര്‍ കുറ്റക്കാരനണെന്ന് ഫെഡറല്‍ കോടതി കണ്ടെത്തിയത്. ലഹരിക്ക് അടിമയായിരുന്ന കാലത്ത് ചെയ്ത കുറ്റങ്ങള്‍ക്ക് ഹണ്ടര്‍ ബൈഡന് അമേരിക്കന്‍ ജനതയോട് മാപ്പ് പറഞ്ഞിരുന്നു. തോക്ക് കേസിലെ വിചാരണയ്ക്കും നികുതി ആരോപണങ്ങളിലെ കുറ്റസമ്മതത്തിനും ശേഷം ഹണ്ടര്‍ ബൈഡന് ശിക്ഷ ലഭിക്കാന്‍ ആഴ്ചകള്‍ ശേഷിക്കെയാണ് ജോ ബൈഡന്റെ പുതിയ നീക്കം.