ബ്രസല്‍സ് : ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധിയും ആരോഗ്യ ഇന്‍ഷുറന്‍സും നല്കി ബെല്‍ജിയം. പെന്ഷന് ഉള്‍പ്പെടെയുള്ള സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില്‍ സര്‍ട്ടിഫിക്കറ്റകളും ഇതിനൊപ്പം ലൈംഗികത്തൊഴിലാളികള്‍ക്ക് ലഭിക്കും. ലോകത്തില്‍ തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമാണ് ബെല്‍ജിയം. 2022ല്‍ ബെല്‍ജിയം ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ലാതാക്കി മാറ്റിയിരുന്നു.
ലൈംഗിക തൊഴിലാളികളെയും മറ്റ് തൊഴിലാളികളെപ്പോലെ കണക്കാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം നടന്നിരുന്നു. പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ജോലിയില്‍നിന്ന് പിന്മാറുന്ന കാലമാകുമ്പോഴേക്കും പലര്‍ക്കും രോഗങ്ങള്‍ ബാധിക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് പെന്ഷന് അടക്കമുള്ളവ നിലവില്‍ വരുന്നത് വലിയ ഗുണകരമാകും.
ലോകത്താകമാനം ഒരു കോടിയിലധികം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ജര്‍മനി, ഗ്രീസ്, നെതര്‍ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലും നിയമപ്രാബല്യം നല്കി. പക്ഷെ, തൊഴില്‍ നിയമങ്ങളടക്കം നടപ്പിലാക്കുന്ന ആദ്യ രാജ്യം ബെല്‍ജിയമാണ്. ഇത് വിപ്ലവകരമായ തീരുമാനമാണെന്നും ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴില്‍ കൊണ്ടുവരണമെന്നും ലൈംഗികതൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.