ബെയ്റൂത്ത് : ഹിസ്ബുള്ളയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചു. മിഡ് റേഞ്ച് മിസൈൽ സൂക്ഷിക്കുന്ന താവളമെന്ന പേരിൽ തെക്കൻ ലെബനോനിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. വ്യോമമാർഗ്ഗം നടത്തിയ ആക്രമണത്തിലെ നാശനഷ്ടങ്ങൾ സംബന്ധിച്ച് വിവരമൊന്നും പുറത്തുവന്നിട്ടില്ല.
ഇസ്രയേലം ലെബനനിലെ ഹിസ്ബുള്ളയും തമ്മിൽ ബുധനാഴ്ചയാണ് വെടിനിർത്താൻ ധാരണയായത്. 14 മാസത്തോളം മേഖലയിൽ നീണ്ടുനിന്ന സംഘർഷം ഇതോടെ അവസാനിക്കുമെന്നാണ് കരുതിയത്. അമേരിക്കയും ഫ്രാൻസും ഇടപെട്ട് ഉണ്ടാക്കിയ ധാരണ പക്ഷെ ഇസ്രയേൽ തന്നെ ആദ്യം ലംഘിച്ചു.
വെടിനിർത്തൽ ധാരണയായി അര മണിക്കൂറിന് ശേഷം ഇസ്രയേൽ സൈനിക വക്താവ് എക്സിൽ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പിൽ ഹിസ്ബുള്ള ധാരണ ലംഘിച്ചാൽ ആക്രമണം തുടരുമെന്ന് പറഞ്ഞിരുന്നു. അതിനാൽ തന്നെ തെക്കൻ ലെബനനിലേക്ക് ഇവിടെ നിന്നും പലായനം ചെയ്ത ലെബനൻ പൗരന്മാർ മടങ്ങിവരരുതെന്നും ആവശ്യപ്പെട്ടിരുന്നു.
വെടിനിർത്തൽ ധാരണ പ്രകാരം ആദ്യത്തെ രണ്ട് മാസം ആക്രമണം ഇരുഭാഗത്തും നിന്നും പാടില്ലെന്ന് തീരുമാനിച്ചിരുന്നു. തെക്കൻ ലെബനനിൽ ഹിസ്ബുള്ളയുടെ സായുധ സാന്നിധ്യം പാടില്ലെന്നും അതിർത്തിയിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങണമെന്നും തീരുമാനിച്ചിരുന്നു. പ്രദേശത്ത് ലെബനീസ് സൈന്യവും യുഎൻ സമാധാനസേനയും നിലയുറപ്പിക്കാനും തീരുമാനിച്ചിരന്നു. സ്ഥിതിഗതികൾ അമേരിക്ക അധ്യക്ഷത വഹിക്കുന്ന സമിതി വിലയിരുത്താനുമായിരുന്നു ധാരണ.
ബുധനാഴ്ച വൈകിട്ട് നാലിനാണ് വെടിനിർത്തൽ ആരംഭിച്ചത്. ബെയ്റൂത്തിൽ ഇസ്രയേൽ അതിരൂക്ഷമായ ആക്രമണം നടത്തി തൊട്ടടുത്ത ദിവസമായിരുന്നു തീരുമാനം. ഈ ആക്രമണത്തിൽ 42 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്.