വാഷിങ്ടൺ : അമേരിക്കയുടെ കോവിഡ് നയത്തെ ശക്തമായി വിമർശിച്ച അമേരിക്കൻ ഫിസിഷ്യനും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ ഡോ. ജയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) മേധാവിയായി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റാൻഫോർഡിൽ പരിശീലനം ലഭിച്ച ജെയ് ഭട്ടാചാര്യ നിലവിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് പോളിസി പ്രൊഫസറും നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക്സ് റിസർച്ചിൽ റിസർച്ച് അസോസിയേറ്റുമാണ്.
ഭട്ടാചാര്യയുടെ യോഗ്യതകളെയും അമേരിക്കൻ ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിൻ്റെ സംഭാവനകളെയും പ്രശംസിച്ചുകൊണ്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ‘പിഎച്ച്ഡി എംഡി ജയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി നാമനിർദ്ദേശം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഡോ. റോബർട്ട് എഫ്. കെന്നഡി ജൂനിയറിനൊപ്പം രാജ്യത്തിന്റെ മെഡിക്കൽ ഗവേഷണത്തിന് നേതൃത്വം നൽകാനും അമേരിക്കയുടെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികൾക്ക് പരിഹാരങ്ങൾ വികസിപ്പിക്കാനും ഭട്ടാചാര്യ പ്രവർത്തിക്കും’ -ഡൊണാൾഡ് ട്രംപ് പ്രസ്തവനയിൽ പറഞ്ഞു.
ഭട്ടാചാര്യ വിവാദപരമായ ‘ഗ്രേറ്റ് ബാറിംഗ്ടൺ ഡിക്ലറേഷൻ്റെ’ സഹരചയിതാവാണ്. ദുർബലരായ ജനങ്ങളെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കോവിഡ് -19 പാൻഡെമിക് കൈകാര്യം ചെയ്യാനുള്ള ബദൽ സമീപനം ആവശ്യപ്പെട്ട രൂപരേഖയായിരുന്നു ഗ്രേറ്റ് ബാറിംഗ്ടൺ ഡിക്ലറേഷൻ. കൂടാതെ ഫ്ലോറിഡയുടെ മാസ്ക് നിരോധനത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തിരുന്നു.
ഭട്ടാചാര്യ അടുത്തിടെ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ സന്ദർശിച്ചിരുന്നു. ഭട്ടാചാര്യയുടെ നാമനിർദ്ദേശത്തിനൊപ്പം യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥനായ ജിം ഒ. നീലിനെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡെപ്യൂട്ടി സെക്രട്ടറിയായും ട്രംപ് നിയമിച്ചു. അദ്ദേഹം ആരോഗ്യ നയത്തിന്റെയും പ്രവർത്തന മാനേജ്മെന്റിന്റെയും മേൽനോട്ടം വഹിക്കും.
1968ൽ കൊൽക്കത്തയിൽ ജനിച്ച ജയ് ഭട്ടാചാര്യ, ആരോഗ്യ നയം, സാമ്പത്തിക ശാസ്ത്രം, പകർച്ചവ്യാധികളുടെ എപ്പിഡെമിയോളജി എന്നിവയിലെ പ്രവർത്തനത്തിന് പേരുകേട്ട ഗവേഷകനാണ്. നിലവിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ഹെൽത്ത് പോളിസി പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം യൂണിവേഴ്സിറ്റിയുടെ സെൻ്റർ ഫോർ ഡെമോഗ്രഫി ആൻഡ് ഇക്കണോമിക്സ് ഓഫ് ഹെൽത്ത് ആൻഡ് ഏജിംഗ് ഡയറക്ടറാണ്. അമേരിക്കൻ അക്കാദമി ഓഫ് സയൻസസ് ആൻഡ് ലെറ്റേഴ്സ് ഭട്ടാചാര്യയെ ബൗദ്ധിക സ്വാതന്ത്ര്യത്തിനുള്ള പരമോന്നത ബഹുമതി നൽകി ആദരിച്ചിരുന്നു.