കറാച്ചി : സിന്ധുനദീജല കരാര്‍ റദ്ദാക്കിയാല്‍ ഇന്ത്യ യുദ്ധത്തിന് തയ്യാറായിരിക്കണമെന്ന് ഭീഷണിയുമായി പാകിസ്ഥാന് മന്ത്രി. ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത് ഒളിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി ഹാനിഫ് അബ്ബാസി പറഞ്ഞു.
പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി അടച്ചാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു. സിന്ധു നദീ ജല കരാര്‍ ഉടമ്പടി നിര്‍ത്തിയാല്‍ ഇന്ത്യ യുദ്ധത്തിന് തയ്യാറായിരിക്കണം. ആണാവയുങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും പ്രകോപനം ഉണ്ടായാല്‍ ആക്രമിക്കാന്‍ പാകിസ്ഥാന് തയ്യാറാണെന്നും ഹാനിഫ് അബ്ബാസി പറഞ്ഞു. നമ്മള് ആണവായുധങ്ങള്‍ എവിടെയാണ് ഒളിപ്പിച്ചതെന്ന് ആര്‍ക്കും അറിയില്ല. ഈ ബാലിസ്റ്റിക് മിസൈലുകള്‍, അവയെല്ലാം നിങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് അദ്ദേഹം മുന്നറിയിപ്പ് നല്കി.
26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ നയതന്ത്ര നടപടികള്‍ കടുപ്പിച്ചിരുന്നു. സിന്ധു നദീജല കരാര്‍ നിര്‍ത്തിവയ്ക്കാനും പാകിസ്ഥാന് പൗരന്മാരുടെ വിസ റദ്ദാക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു.
പാകിസ്ഥാനുമായുള്ള ജലവിതരണവും വ്യാപാര ബന്ധങ്ങളും നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യന്‍ തീരുമാനങ്ങളെയും അദ്ദേഹം പരിഹസിച്ചു. അതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ മനസിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. പാക് വ്യോമപാത അടച്ചതുമൂലം ഇന്ത്യന്‍ വിമാനക്കമ്പനി നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യങ്ങള്‍ ഇതുപോലെ പത്തുദിവസം തുടര്‍ന്നാല്‍ ഇന്ത്യന്‍ വിമാനക്കമ്പനി പാപ്പരാകും എന്നും അദ്ദേഹം പറഞ്ഞു.