ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ജോലി സംവരണത്തിനെതിരേ ഒരാഴ്ചയായി തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി ഉയർന്നു. അക്രമപരന്പരകൾ തുടരുന്നതിനാൽ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.രാജ്യത്തെ നെറ്റ്വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കുന്നതുവരെ തെരുവിലുണ്ടാവുമെന്നും നിലവിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദി ഷെയ്ഖ് ഹസീനയാണെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയിൽ കഴിഞ്ഞദിവസം അക്രമികൾ തകർത്തതോടെ നൂറോളം തടവുപുള്ളികൾ പുറത്തു ചാടിയിട്ടുണ്ട്. നൂറോളം പോലീസുകാർക്കും അക്രമസംഭവങ്ങളിൽ പരിക്കുപറ്റിയതായി അധികൃതർ അറിയിച്ചു.
സ്ഥിതിഗതികൾ ഗുരുതരമായതോടെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യാക്കാരെ തിരികെയെത്തിച്ചു തുടങ്ങി. അതിർത്തി പോസ്റ്റുകൾ വഴിയാണ് മടക്കി എത്തിക്കുന്നത്. വിദ്യാർഥികളടക്കം ഇതുവരെ 305 പേർ തിരിച്ചെത്തിയതായാണ് വിവരം. ഇന്ത്യന്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്ന് വിദേശ കാര്യമന്ത്രാലയം നിര്‍ദേശം നല്കി. 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
2018ല്‍ എടുത്തുകളഞ്ഞ സംവരണം തിരികെ കൊണ്ടുവരാനുള്ള നടപടിക്കെതിരേ ധാക്കയുള്‍പ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളാണ് തെരുവിലുള്ളത്. സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയും നേര്‍ക്കുനേര്‍ എത്തിയതോടെയാണ് പ്രക്ഷോഭം കനത്തത്.