ടെല്‍ അവീവ് : ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 10 നേപ്പാളി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഇസ്രയേലിലെ നേപ്പാള്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിലൊട്ടാകെയായി 17 നേപ്പാളികളെ ഹമാസ് ബന്ദികളാക്കിയതായും ഇസ്രയേലിലെ നേപ്പാള്‍ അംബാസഡര്‍ വ്യക്തമാക്കി.
ഹമാസിന്റെ ബോംബാക്രമണത്തില്‍ നാലു അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലില്‍ ഗാസയോടു ചേര്‍ന്നുള്ള പ്രദേശത്തു വെച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഹമാസ് ആക്രമണത്തില്‍ ഒരു മലയാളി യുവതിക്ക് പരിക്കേറ്റിരുന്നു. കണ്ണൂര്‍ സ്വദേശിനി ഷീജ ആനന്ദിന്റെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. വടക്കന്‍ ഇസ്രയേലിലെ അഷ്കിലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ.
പശ്ചിമേഷ്യയില്‍ ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍, മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ സജീവമാക്കി. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി കൂടിയാലോചനകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു.