കുവൈത്ത് സിറ്റി : കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റു. ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാരോഹണം. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. 86 വയസ്സായിരുന്നു.
കുവൈത്തിൻറെ പതിനാറാം അമീറായിരുന്നു ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അൽ സബ. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ഷെയ്ഖ് നവാഫ്.1937 ജൂൺ 25 ന് കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹ്മദ് അൽ ജാബർ അസ്സബാഹിൻറെ മകനായി ജനിച്ച ഷെയ്ഖ് നവാഫ് കുവൈത്തിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2020 സെപ്റ്റംബറിൽ ശൈഖ് സബ അഹ്മദ് അൽ ജാബർ അസ്സബാഹ് അന്തരിച്ചതിനു പിന്നാലെ കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ് അൽ-അഹ്മദ് കുവൈത്ത് അമീറായി ചുമതലയേറ്റത്.
കിരീടാവകാശിയായും ദേശീയ ഗാർഡ്സിന്റെ തലവനായും വിദേശ ദൗത്യങ്ങളിൽ അമീറിനൊപ്പം സേവനമനുഷ്ഠിച്ചും മുതിർന്ന പദവികളിൽ പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യം ശൈഖ് മിശ്അലിനുണ്ട്. കിരീടാവകാശിയായി സഥാനമേറ്റെടുത്ത് ഈ ഒക്ടോബറിൽ മൂന്നു വർഷം പിന്നിട്ടതിന് പിന്നാലെയാണ് രാജ്യത്തെ പരമോന്നത സഥാനത്തേക്ക് ശൈഖ് മിശ്അൽ തിരഞ്ഞെടുക്കപ്പെടുന്നത്. 2020 ഒക്ടോബർ എട്ടിനാണ് കിരീടാവകാശിയായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റത്.