കലിഫോർണിയ : വാട്ട്സ്ആപ്പിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചുവെന്ന് മെറ്റ അറിയിപ്പിറക്കിയതിനു പിന്നാലെ ഇവയുടെ സ്ക്രീന്‍ ഷോട്ടുകളും പുറത്ത്. ടെക്സ്റ്റ് കമാന്‍ഡുകള്‍ക്ക് (നിര്‍ദേശങ്ങള്‍) അനുസൃതമായി പ്രതികരണം നല്കുന്ന ചാറ്റ്ബോട്ടിന്റെ സ്ക്രീന്‍ ഷോട്ടുകളാണ് പുറത്തുവന്നത്.
സര്‍ഫ് ചെയ്യുന്ന ഒരു പൂച്ചയുടെ ചിത്രം ജനറേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ചാറ്റ് ബോട്ട് എഐ സഹായത്തോടെ ചിത്രം തയാറാക്കി അയച്ചിരിക്കുന്നതാണ് സ്ക്രീന്‍ ഷോട്ടിലുള്ളത്. മെറ്റാ കണക്ട് ഇവന്റ് 2023ലാണ് എഐ ചാറ്റ് ബോട്ട് വരുമെന്ന വിവരം മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആദ്യം അറിയിക്കുന്നത്.
നിലവില്‍ ബീറ്റാ വേര്‍ഷനിലാണ് എഐ ചാറ്റ്ബോട്ട് ലഭ്യമായിരിക്കുന്നത്. മെറ്റയുടെ തന്നെ എഐ മോഡലായ ലാമാ 2വിനെ അടിസ്ഥാനമാക്കിയുള്ളതാണ് മെറ്റാ എഐ അസിസ്റ്റന്റ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫീച്ചര്‍ വൈകാതെ തന്നെ മറ്റ് വാട്ട്സ്ആപ്പ് വേര്‍ഷനുകളിലും എത്തുമെന്നാണ് സൂചന.
പുത്തൻ ഫീച്ചർ ആഗോളതലത്തിൽ വ്യാപകമാകുന്നതോടെ ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വീസുകളില്‍ വിപ്ലവകരമായ മാറ്റങ്ങളാളും ഉണ്ടാകുക. ബിസിനസുകള്‍ക്കും ചാറ്റ്ബോട്ട് ഏറെ ഗുണകരമാകും.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വാട്ട്സ്ആപ്പിൽ ഒട്ടേറെ പുതിയ അപ്ഡേഷനുകള്‍ വന്നിരുന്നു. എച്ച്ഡി ഫോട്ടോ, വീഡിയോ ഷെയറിംഗ്, ഗ്രൂപ്പ് വോയിസ് ചാറ്റ് സേവനം എന്നിവയായിരുന്നു അവയില്‍ ചിലത്. ഇവയ്ക്കെല്ലാം ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു.