ന്യൂഡൽഹി: ഹാംഗ് ഷ്യൂവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിൽ നിന്ന് അരുണാചൽ പ്രദേശ് താരങ്ങളെ വിലക്കിയ ചൈനീസ് നടപടിയിൽ പ്രതിഷേധവുമായി ഇന്ത്യ. താരങ്ങളുടെ വീസ റദ്ദാക്കിയതിന് പിന്നാലെ, തന്റെ ചൈനാ സന്ദർശനം ഉപേക്ഷിക്കുന്നതായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
വുഷു മത്സരത്തിൽ പങ്കെടുക്കാനായി വീസ അപേക്ഷ സമർപ്പിച്ചവരെയാണ് ചൈന തഴഞ്ഞത്. തങ്ങൾ “ദക്ഷിണ ടിബറ്റ്’ എന്ന വിളിക്കുന്ന അരുണാചൽ പ്രദേശ് ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്ന വാദം ഉയർത്തിയാണ് ഇന്ത്യൻ താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് വീസ നിഷേധിച്ചത്.13 അംഗ ഇന്ത്യൻ വുഷു ടീമിലെ മറ്റുള്ളവർക്കെല്ലാം വീസ രേഖയായി കണക്കാക്കുന്ന അക്രഡിറ്റേഷൻ കാർഡുകൾ ലഭിച്ചെങ്കിലും അരുണാചലിൽ നിന്നുള്ള മൂന്ന് പേർക്ക് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിച്ചില്ല. ഇതോടെയാണ് ചൈനയുടെ നീക്കം ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനിടെ, വുഷു ടീമിലെ മറ്റുള്ളവർ പരിശീലകർക്കൊപ്പം ഗെയിംസ് വില്ലേജിൽ എത്തിയതായി ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.