ന്യൂഡൽഹി : 2024-ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയ കമ്പനി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ വിളിച്ചു വരുത്താൻ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനം. ഇതിന്റെ ഭാഗമായി മെറ്റയ്ക്ക് സമൻസ് അയക്കും. തെറ്റായ വിവരം പ്രചരിപ്പിച്ചതിനാണ് സമൻസ് അയയ്ക്കുന്നതെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഷികാന്ത് ദുബെ എംപി പറഞ്ഞു.
ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിൽ തെറ്റായ വിവരമാണ് പ്രചരിപ്പിക്കപ്പെട്ടത്. തെറ്റുപറ്റിയതിന്റെ പേരില്‍ പാര്‍ലമെന്റിനോടും രാജ്യത്തെ ജനങ്ങളോടും മെറ്റ മാപ്പു പറയേണ്ടതാണെന്ന് നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു. ജനുവരി 10-ന് നടത്തിയ പോഡ് കാസ്റ്റിലാണ് ഫെയ്സ്ബുക്ക് സഹസ്ഥാപകനും മെറ്റ സിഇഒയുമായ സക്കര്‍ബര്‍ഗ് വിവാദ പരാമര്‍ശം നടത്തിയത്.
കോവിഡ് മഹാമാരി, ലോകരാജ്യങ്ങളിൽ നിലവിൽ ഭരണത്തിലിരിക്കുന്ന സർക്കാരുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭരണകക്ഷി കനത്ത പരാജയം ഏറ്റുവാങ്ങിയെന്നുമുള്ള സക്കർബർഗിന്റെ പരാമർശം വിവാദമായിരുന്നു. സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തെ തിരുത്തി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി വിശ്വാസമര്‍പ്പിക്കുകയാണ് ചെയ്തത്. മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.