ന്യൂഡൽഹി∙ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചു. 25 ശതമാനം നിരക്ക് കൂട്ടിയതോടെ ഇനി മുതൽ ഒരു ഓർഡറിന് 5 രൂപ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. ഡൽഹി എൻസിആർ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്നൗ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചിട്ടുണ്ട്. സൊമാറ്റോയുടെ ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് ഓരോ ഓർഡറിനും 2 രൂപ ഹാൻഡ്ലിംഗ് ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്.
2023 ഓഗസ്റ്റിൽ ആയിരുന്നു സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് അവതരിപ്പിച്ചത്. ഒരു ഓർഡറിന് 2 രൂപ നിരക്കിലാണ് ആണ് ചുമത്തിയത്. പിന്നീട് അത് 3 രൂപയായി ഉയർത്തി. ഈ വർഷം ജനുവരിയിൽ 4 രൂപയായി വർധിപ്പിച്ചിരുന്നു. സൊമാറ്റോയിലെ എല്ലാ ഇടപാടുകൾക്കും ബാധകമായ ഫ്ലാറ്റ് ചാർജാണ് പ്ലാറ്റ്ഫോം ഫീസ്. സൊമാറ്റോ ഗോൾഡ് ലോയൽറ്റി പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഈ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
ഈ ഫീസിന് പുറമെ സൊമാറ്റോ ഡെലിവറി ചാർജും എല്ലാവർക്കും ചുമത്തുന്നുണ്ട്. സ്വിഗ്ഗിയും ഫുഡ് ഡെലിവറി ഓർഡറുകൾക്ക് 5 രൂപ നിരക്കിൽ പ്ലാറ്റ്ഫോം ഫീസ് ചുമത്തുന്നുണ്ട്. ചില സ്വിഗ്ഗി ഉപയോക്താക്കൾക്ക് 10 രൂപ പ്ലാറ്റ്ഫോം ഫീസ് കൊടുക്കേണ്ടി വരുന്നെന്ന വാർത്തകളുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തിൽ സൊമാറ്റോയുടെ ഓഹരി വില 238 ശതമാനമാണ് ഉയർന്നത്.