കോഴിക്കോട്: വനംമന്ത്രി എ.കെ.ശശീന്ദ്രന് നേരേ കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സൈബര്‍ പാര്‍ക്കില്‍ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു എട്ടോളം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംസ്ഥാനത്ത് നിരന്തരമായി വന്യജീവി ആക്രമണങ്ങളില്‍ ആളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ വനംമന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അഞ്ച് മിനിറ്റോളം മന്ത്രിയുടെ വാഹനം തടഞ്ഞും കാറിന് മുന്നില്‍ കിടന്നും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രണ്ട് പോലീസുകാര്‍ മാത്രമുണ്ടായിരുന്നതിനാല്‍ ആദ്യം ഇവരെ പിടിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. പിന്നീട് കൂടുതല്‍ പോലീസ് എത്തിയാണ് ഇവരെ മാറ്റിയത്.