തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിപ്പിക്കും. പ്രധാന സ്ഥാനാര്‍ഥികളെല്ലാം ബുധനാഴ്ച നോമിനേഷന് നല്‍കും. മത്സരം ഉറപ്പായ പശ്ചാത്തലത്തില്‍ എ ഐ ഗ്രൂപ്പുകളുടെയും കെസി പക്ഷത്തിൻെറയും ശക്തിപ്രകടനം കൂടിയാകും യൂത്തുകോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്.
എ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലാണ്. ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കി കോടിയാട്ടും കെ.സി. വേണുഗോപാല്‍ വിഭാഗത്തില്‍നിന്നും ബിനു ചുള്ളിയിലും അധ്യക്ഷ സ്ഥാനത്തേക്ക് പോരിന് ഇറങ്ങും.ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എ വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയില്‍ തീരുമാനമുണ്ടായത്. രാഹുലിനൊപ്പം കെ.എം.അഭിജിത്തിന്റേയും ജെ.എസ്. അഖിലിന്റേയും പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ പിന്തുണ രാഹുല്‍ മാങ്കൂട്ടത്തിന് അനുകൂല ഘടകമായി. ഈ 28 മുതല്‍ ഒരുമാസം അംഗത്വ വിതരണം നടക്കും. അംഗത്വം എടുക്കുന്നതിനൊപ്പമാണ് വോട്ട് ചെയ്യാനുള്ള അവസരം. പരമാവധി അംഗങ്ങളെ ചേര്‍ത്ത് വിജയം സ്വന്തമാക്കാനുള്ള ശ്രമത്തിലാകും സ്ഥാനാര്‍ഥികള്‍.