തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിൽനിന്ന് നാലുപേർ വിമത സ്ഥാനാർഥികളാകും. ദുൽഖി ഫിൽ, എസ് പി അനീഷ്, വിഷ്ണു സുനിൽ പന്തളം, അനുതാജ് എന്നിവരാണ് എ ഗ്രൂപ്പിൽനിന്ന് മത്സരിക്കുക. എ ഗ്രൂപ്പിൽനിന്നുള്ള പരമാവധി വോട്ടുകൾ നേടി രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാജയമുറപ്പാക്കുകയാണ് വിമതരുടെ ലക്ഷ്യം.
ഉമ്മൻചാണ്ടി നിർദേശിച്ച ജെ എസ് അഖിലിനെ ഒഴിവാക്കിയാണ് വി ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും താൽപ്പര്യപ്രകാരം രാഹുലിനെ സ്ഥാനാർഥിയാക്കിയത്.ഉമ്മൻചാണ്ടിയുടെ താത്പര്യം മറികടന്ന് ഔദ്യോഗിക സ്ഥാനാർത്ഥിയെ തീരുമാനിച്ചതിലാണ് ഇവരുടെ പ്രതിഷേധം.പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രധാന യൂത്ത് കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിലിനെ അംഗീകരിക്കില്ലെന്ന് ഗ്രൂപ്പ് നേതൃത്വത്തെ അറിയിച്ചു. അതേസമയം, തർക്കം ഉടൻ പരിഹരിക്കുമെന്നും ചർച്ചകൾ തുടങ്ങിയതായും ഗ്രൂപ്പ് നേതാക്കൾ പറയുന്നു. ഉമ്മൻചാണ്ടിയുടെ നോമിനിയായാണ് കഴിഞ്ഞ തവണ ഷാഫി പറമ്പിൽ പ്രസിഡന്റായത്. കെ സുധാകരനും സതീശനും പാർടി പിടിച്ചതോടെ ഷാഫി മറുകണ്ടം ചാടി. ഔദ്യോഗികമായി എ ഗ്രൂപ്പ് എന്ന് പറയുമ്പോഴും സതീശൻ പക്ഷത്തോടു ചേർന്നുള്ള നിലപാടാണ് കഴിഞ്ഞ കുറച്ചുനാളായി ഷാഫി സ്വീകരിക്കുന്നത്. ഇതിനൊപ്പം നിൽക്കുന്നയാളെന്നതാണ് രാഹുലിന് നേട്ടമായത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംയുക്ത സ്ഥാനാർത്ഥിക്കായി നീക്കം തുടങ്ങിയിട്ടുണ്ട്. ചെന്നിത്തല-കെസി വേണുഗോപാൽ-സുധാകരൻ അനുകൂലികൾക്ക് രാഹുൽ മാങ്കൂട്ടത്തിലിനെ താല്പര്യമില്ല. അബിൻ വർക്കിയേക്കാൾ മികച്ച സ്ഥാനാർഥി വന്നാൽ ഇത്തരക്കാരുടെ പിന്തുണ കൂടി നേടാമെന്നാണ് ഐ ഗ്രൂപ്പിന്റെ കണക്കുകൂട്ടൽ. ഇതോടെ ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന അബിൻ വർക്കിക്ക് പകരം ഒ.ജെ ജനീഷ് സ്ഥാനാർത്ഥിയായേക്കും . അനുതാജാണ് കൊടിക്കുന്നിൽ സുരേഷ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി. ഇന്നലെ വൈകിട്ട് പത്രിക സമർപ്പിച്ച വീണാ എസ്.നായർക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പിന്തുണയുണ്ടെന്നാണ് വിവരം. കെ.സി വേണുഗോപാൽ പക്ഷത്തിന്റെ നോമിനിയായ ബിനു ചുള്ളിയിൽ ഇതുവരെ പത്രിക സമർപ്പിക്കാത്തതും ചർച്ചകൾക്ക് വഴിയൊരുക്കി. പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസമായ ഇന്ന് പല അടിയൊഴുക്കുകളും നടക്കുമെന്നാണ് സൂചന. ഓൺലൈൻ വഴി സമർപ്പിക്കുന്ന പത്രികകൾ പിൻവലിക്കാനാകില്ല.